photo-
പടം: കനോലി കനാലിൽ കുളവാഴയും ചണ്ടിയും നിറഞ്ഞ നിലയിൽ -

പാവറട്ടി: ഏനാമ്മാവ് റെഗുലേറ്റർ മുതൽ ചേറ്റുവ അഴിമുഖം വരെ ചണ്ടിയും കുളവാഴയും കരിവാലിയും നിറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന കുളവാഴയും കരുവാരിയും പുഴയുടെ അടിത്തട്ടിൽ നിറഞ്ഞിരിക്കുകയാണ്. ഇവ വലയിൽ കുടുങ്ങി വൻ നാശനഷ്ടം സംഭവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. യന്ത്രം ഉപയോഗിച്ച് കോൾ ചാലുകളിൽനിന്ന് നീക്കം ചെയ്യുന്ന ചണ്ടിയും മറ്റും കരാറുകാർ പുഴയിൽ നിക്ഷേപിക്കുന്നതാണ് ദുരിതത്തിന് കാരണം. പുഴയിൽ ഒരിടത്തും ഇപ്പോൾ മത്സ്യ സമ്പത്ത് ഇല്ലെന്നും വേലിയേറ്റവും വേലിയിറക്കവുമൂലം കടലിൽ നിന്ന് യഥേഷ്ടം മത്സ്യങ്ങൾ കയറിവരുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.


തടസമായി മണൽ ഖനനം


കനോലി കനാലിൽ നടക്കുന്ന മണൽ ഖനനം മത്സ്യങ്ങൾ പുഴയിലേക്ക് വരുന്നതിന് തടസമായി തൊഴിലാളികൾ പറയുന്നു. ചേറ്റുവ പാലം മുതൽ പുളിക്കകടവ് പാലം വരെ നാല് സ്ഥലത്തായി വലിയ രീതിയിൽ 24 മണിക്കൂറും മണൽ ഖനനം നടത്തുകയാണ്. രാത്രികാലങ്ങളിലെ ഡ്രജിംഗ് വേലിയേറ്റ സമയത്ത് ആറുമണിക്കൂറെങ്കിലും നിറുത്തി വെക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എൻ.എച്ച് 66ന് വേണ്ടിയാണ് മണൽ എടുക്കുന്നത്. മണൽ ഖനനം പുഴയുടെ ആഴം കൂട്ടി മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുമെങ്കിലും നിലവിൽ നീണ്ടു നിൽക്കുന്ന ഖനനം മത്സ്യ ലഭ്യത കുറയ്ക്കുകയാണെന്ന് ഇവർ പറയുന്നു.

പ്രതിഷേധം 28 ന്


മത്സ്യത്തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു വെങ്കിടങ്ങ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാമ്മാവ് റെഗുലേറ്റർ പരിസരത്ത് പ്രതിഷേധ സമര സദസ് സംഘടിപ്പിക്കും. 28ന് വൈകിട്ട് നാലുമണിക്ക് യൂണിയൻ ജില്ലാ സെക്രട്ടറി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം മണലൂർ ഏരിയാ സെക്രട്ടറി പി.എ. രമേശൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി, ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, യു.എ. ആനന്ദൻ എന്നിവർ പങ്കെടുക്കും.