kplm
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പഠനകളരിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ നിർവഹിക്കുന്നു

കയ്പമംഗലം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പ്രവർത്തന പഠനകളരി നടത്തി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബാറ്ററി സ്റ്റോറേജോട് കൂടിയ ഹൈബ്രിഡ് സോളാർ സിസ്റ്റം ഭാവിയിൽ ഏർപ്പെടുത്തേണ്ടി വരുമെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ ദുരീകരിക്കാൻ ലക്ഷ്യമിട്ടാണ് ബാറ്ററി എനർജി സ്റ്റോറേജ്ഡ് ഹൈബ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച് ഇതിന്റെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള പഠന ക്ലാസ് നടത്തിയത്.
ബാങ്ക് നേരിട്ട് മുൻകൈയെടുത്തു സംസ്ഥാനത്ത് ആദ്യമായി വാരി ഇന്ത്യ ലിമിറ്റഡിന്റെ ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇദംപ്രഥമമായി പൈലറ്റ് പ്രൊജക്ടെന്ന രീതിയിലാണ് ബാങ്കിന്റെ പാപ്‌സ്‌കോ എനർജി ഓഫീസ് മേൽക്കൂരയിൽ 3കെ.ഡബ്‌ള്യു സ്ഥാപിതശേഷിയുള്ള പ്‌ളാന്റ് സ്ഥാപിച്ചത്. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ പാപ്‌സ്‌കോ എനർജി മുഖേന എം.എൻ.ആർ.ഇ, അനെർട്ട് അക്രെഡിറ്റേഷനോടെ സബ്‌സിഡി നിരക്കിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന വീടുകളിൽ സൗരോർജ്ജ പദ്ധതി, സഹകരണ സ്ഥാപനങ്ങളിലേക്കും സർക്കാർ, പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളിലേക്കും സൗരോർജ്ജ പവർ പ്ലാന്റുകൾ സ്ഥാപിച്ച് വിപുലീകരിക്കുന്നുണ്ട്. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. വാരി കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും പാപ്‌സ്‌കോ എനർജി സി.ഇ.ഒ ആർ.എ.മുരുകേശൻ ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ സണ്ണി മാധവ്, സുരേഷ്, ബാങ്ക് സെക്രട്ടറി ടി.സി.സിനി, മാനേജർ പി.എസ്.സലിൻ, പ്രൊജക്ട് കോഓർഡിനേറ്റർ അരുൾ പി.രാജ് തുടങ്ങിയവർക്ക്് പുറമെ പാപ്‌സ്‌കോ എനർജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരും പങ്കെടുത്തു.