photo-

ചെറുതുരുത്തി : വള്ളത്തോൾ നഗർ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ജനങ്ങൾക്കായി തുറന്നു കൊടുത്തു. കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പി.നിർമ്മല ദേവി, പി.സാബിറ, പി.എം.നൗഫൽ, കെ.ആർ.ഗിരീഷ്, പി.എ.യൂസഫ്, എം.ബിന്ദു, ഡോ. ഷഫീർ തുടങ്ങിയവർ സംസാരിച്ചു.
കെ.രാധാകൃഷ്ണൻ ചേലക്കര എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരുകോടി രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പഴയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ സ്ഥലപരിമിതി മൂലം രോഗികൾ വീർപ്പുമുട്ടുന്ന അവസ്ഥയായിരുന്നു. തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചതെങ്കിലും ജനങ്ങൾക്ക് തുറന്ന് നൽകിയിരുന്നില്ല. ഈ അവസ്ഥ സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

തീരാതെ രോഗികളുടെ പരാധീനതകൾ
ദിനംപ്രതി 200 മുതൽ 300 രോഗികൾ വരെ എത്തുന്ന ആശുപത്രിയിൽ നിലവിൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമാണ് സേവനം. ആശുപത്രിയിലേക്കുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമായി തുടരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരില്ലാത്തതും ഇന്നും പരാതികളായി തന്നെ നിലകൊള്ളുന്നു. പഴയ കെട്ടിടം ഒബ്‌സർവേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് നേട്ടം. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയിരുന്ന പഴയ കെട്ടിടത്തിൽ നിന്നുള്ള മോചനവുമാകും.

പുതിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഓൺലൈനിലൂടെ മറ്റു ആശുപത്രികളിലെ ഡോക്ടർമാരെ കാണുന്നതിനുള്ള അവസരവും ഒരുക്കും.
-യു.ആർ.പ്രദീപ് എം.എൽ.എ