മാള : കർണാടകയിലെ ബെല്ലാരിയിൽ നിന്നും 38 ടൺ സ്റ്റീൽ കമ്പികൾ എറണാകുളത്തേക്ക് കൊണ്ടുപോയ ഫ്‌ളാറ്റ് ബെഡ് ട്രെയിലർ അഷ്ടമിച്ചിറ അന്നമനട പി.ഡബ്ല്യു.ഡി റോഡിൽ വൈന്തല തൈക്കൂട്ടം ഭാഗത്ത് ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡിന്റെ വശത്ത് കുഴിച്ച ചാലുകളിൽ താഴ്ന്ന് ഗതാഗത തടസം നേരിട്ടു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ദേശീയപാത അടിപ്പാത നിർമ്മാണത്തിലുണ്ടായ ഗതാഗതക്കുരുക്ക് കാരണം ചാലക്കുടിയിൽ നിന്ന് പൊലീസ് ലോറിയെ അഷ്ടമിച്ചിറ- വൈന്തല വഴി തിരിച്ചുവിട്ടിരുന്നു. ജൽജീവൻ മിഷൻ പദ്ധതിക്കായി രണ്ട് വർഷം മുമ്പ് പൈപ്പിടാൻ കുഴിച്ച ചാലുകൾ മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
മെറ്റൽ വിരിച്ച് ബലപ്പെടുത്തി ടാറിംഗ് നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഇത് കാരണം തുടർച്ചയായി ഈ റൂട്ടിൽ വാഹനങ്ങൾ താഴുന്നത് പതിവാണ്. സർക്കാരിൽ നിന്ന് യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ആവശ്യമായ പണികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് കരാറുകാർ വിശദീകരിക്കുന്നത്.