daivadasakam

തൃശൂർ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ' ദൈവദശകം' നൂറ് ഭാഷകളിൽ മൊഴി മാറ്റിയത് ഓക്‌സ്‌ഫോർഡ് സർവകലാശാലയ്ക്ക് സമർപ്പിക്കും. സെപ്തംബർ ഒന്നിന് രാവിലെ പത്തരയ്ക്ക് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യൻ വിഭാഗം സ്റ്റഡി സെന്റർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദൈവദശകം കൈമാറും. ശിവഗിരി ആശ്രമം യു.കെയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

ഗുരുധർമ്മ പ്രചാരകനും മാദ്ധ്യമ പ്രവർത്തകനുമായ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ 2018ലാണ് ദൈവദശകം 104 ഭാഷകളിൽ സമാഹരിച്ചത്. വിശ്വമാനവിക ദർശനം നൽകുന്ന ദൈവദശകം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ സർവകലാശാലകൾക്ക് സമർപ്പിക്കുന്നത്. മലയാളത്തിലെ ഒരു കൃതി നൂറിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റിയ അപൂർവതയും ദൈവദശകം നേടി. ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റിയ ദൈവദശകം വത്തിക്കാനിൽ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ സമർപ്പിച്ചിരുന്നു.

യു.കെയിൽ നടക്കുന്ന ചടങ്ങിൽ ഓക്‌സ്‌ഫോർഡ് മേയർ ലൂയിസ് ആപ്ടൺ, യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടൻ റിട്ട. പ്രൊഫ.അലക്‌സ് ഗാത്ത്, സ്വാമി ശിവനാരായണ തീർത്ഥ (ശിവഗിരി മഠം), ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, ശിവഗിരി ആശ്രമം യു.കെ ചെയർമാൻ ബൈജു പാലക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, ഗുരുധർമ പ്രചാരണസഭ യുവജന വിഭാഗം സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ, ബാബുരാജ് (ബഹറിൻ), ആർ.കെ.വരുൺ, ഗുരുദർശന രഘന എന്നിവർ പങ്കെടുക്കും.

ഗുരു നിത്യചൈതന്യയതി മൊഴി മാറ്റിയ ഇംഗ്ലീഷ് പകർപ്പ് ഉൾപ്പെടെ ഗ്രീക്ക്, സംസ്‌കൃതം, ഹീബ്രു, യേശുദേവൻ സംവദിച്ച അരമായ, ശ്രീബുദ്ധൻ സംവദിച്ച പാലി, അറബി, പോർച്ചുഗീസ്, ഇറ്റാലിയൻ, ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ബെലാറഷ്യൻ, എസ്റ്റോണിയ, ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വാഹ്ലി, ഇസുലു, ആഫ്രിക്കൻസ്, കിമറു, ബുകുസു, ഇഗ്‌ബോ, ഏഷ്യൻ രാജ്യങ്ങളിലെ ബൂട്ടാനീസ്, ടിബറ്റൻ, നേപ്പാളി, ബഹസ, സിൻഹള, ഇന്ത്യയിലെ ഹിന്ദി, ഭോജ്പുരി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, പഞ്ചാബി, തായ് കംതി, ഒഡീയ, ബംഗാളി, മണിപ്പൂരി, ആസാമീസ്, ഗുജറാത്തി, കച്ച്, ഉർദു എന്നിങ്ങനെ ലോകത്തെ വിവിധ ഭാഷകളിലുള്ള ദൈവദശകമാണ് സമർപ്പിക്കുന്നത്.