inauguration
1

പുത്തൻചിറ: തച്ചപ്പിള്ളിപ്പാലത്തിന് സമീപം കനോലി കനാലിന്റെ തീരത്തെ ദൃശ്യവിസ്മയമായ ചെട്ടിക്കുന്ന് വ്യൂ പോയിന്റ്

ഓണപ്പാട്ട് പ്രകാശനത്തോടെ പുതുജീവൻ നേടി. വിശാല ജലാശയവും കുന്നുകളും തുരുത്തുകളും ചേർന്ന ഇവിടം ഇതുവരെ

അധികമാരും ശ്രദ്ധിക്കാത്ത സഞ്ചാരകേന്ദ്രമായിരുന്നു. ഗ്രാമീണ വായനശാല–താഷ്‌ക്കന്റ് ലൈബ്രറി സംയുക്തമായി സംഘടിപ്പിച്ച ആദ്യ സാംസ്‌കാരിക പരിപാടിയിൽ ഖാദർ പട്ടേപ്പാടം എഴുതിയ രണ്ട് ഓണപ്പാട്ടുകൾ പ്രകാശനം ചെയ്തു. ചടങ്ങിൽ ടി.കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കലാകാരൻ ടി.സി.നാരായണൻ, എഴുത്തുകാരൻ തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ പ്രകാശനം നിർവഹിച്ചു. സിനിമ സീരിയൽ താരം അനൂപ്, അദ്ധ്യാപക സഹകരണ സംഘം പ്രസിഡന്റ് ടി.എസ്.സജീവൻ, ഷീന സജിത്ത് എന്നിവർ ആദ്യ കോപ്പികൾ ഏറ്റുവാങ്ങി. കൊച്ചു ഗായകരായ ദ്വിതിക, അശ്വിൻ എന്നിവർക്ക്

ഐ. ബാലഗോപാൽ സമ്മാനം നൽകി അനുമോദിച്ചു. ആർ.എൻ.രവീന്ദ്രൻ സംഗീതം നൽകിയ പാട്ടുകൾ ദ്വിതിക, അശ്വിൻ, സ്വാതി സുധീർ എന്നിവർ ആലപിച്ചു. എം.സി.ഓഡിയോസ്, എഡ്യു സ്‌ക്വയർ ചാനൽ മുഖേന ഗാനങ്ങൾ ശ്രോതാക്കളിലെത്തും. പഞ്ചായത്തിന്റെ ഹൈമാസ്റ്റ് ലൈറ്റ്, കോൺക്രീറ്റ് തട്ട് തുടങ്ങി ചില അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, ടൂറിസം വികസനത്തിന് കൂടുതൽ പദ്ധതികൾ ആവശ്യമാണ്. പ്രകൃതിസൗന്ദര്യവും സാംസ്‌കാരിക പരിപാടികളും ഗ്രാമീണ ടൂറിസത്തിന് ഊർജ്ജം നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.