photo-

ചെറുതുരുത്തി : പുതുശ്ശേരി പുണ്യതീരം ശ്മശാനം ആധുനിക സംവിധാനങ്ങളോടെയുള്ള വാതക ശ്മശാനമാക്കി മാറ്റും. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപ വിനിയോഗിച്ചാണ് നവീകരിക്കുക. ശ്മശാനത്തിന്റെ സൗന്ദര്യവത്കരണവും നടക്കും. ഇതോടെ ചേലക്കര മണ്ഡലത്തിലെ ആദ്യ വാതക ശ്മശാനമായി ചെറുതുരുത്തിയിലെ പുണ്യതീരം മാറും. വള്ളത്തോൾ നഗർ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വ്യവസ്ഥകളോടെ നൂറുവർഷത്തിലേറെയായുള്ള പുണ്യതീരം ശ്മശാനം സാധാരണ വിധത്തിൽ മരങ്ങൾ കൂട്ടിയിട്ട് ദഹിപ്പിക്കുന്ന രീതീയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭാരതപ്പുഴയിൽ മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്.

ആദ്യകാലങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ സംസ്‌കരിക്കുമായിരുന്നു. ശ്മശാനത്തിന്റെ ഭാഗത്ത് കൂടുതൽ വീടുകൾ വന്നതോടെ ഇവിടെ നിന്നും ഉയരുന്ന പുകയും ഗന്ധവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി മാറുകയും വിഷയം കോടതിയിലെത്തുകയും ചെയ്തതോടെ വള്ളത്തോൾ നഗർ പഞ്ചായത്തിലെ മൃതദേഹങ്ങൾ മാത്രം സംസ്‌കരിക്കാമെന്ന് കോടതി വിധിച്ചു. ഇതോടെയാണ് വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലുകളെത്തുടർന്ന് സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക വാതക ശ്മശാനം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത് ഇംപാക്ട് കേരളയുടെ നേതൃത്വത്തിൽ കോൺട്രാക്ടർ കവിത ബാലകൃഷ്ണനാണ്. കെ.രാധാകൃഷ്ണൻ എം.പി, യു.ആർ.പ്രദീപ് എം.എൽ.എ എന്നിവരുടെ ഇടപെടൽ മൂലമാണ് പുതിയ പദ്ധതി സർക്കാർ അനുവദിച്ചത്.

വാതക ശ്മശാനം

ഒരേ സമയം മൂന്ന് മൃതദേഹങ്ങൾ ദഹിപ്പിക്കാവുന്ന ഗ്യാസ് ചേംബർ

ചുരുങ്ങിയ സമയം കൊണ്ട് പുകയും മറ്റും ഇല്ലാതെ മൃതദേഹങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കാനാകും

വിറക് ഉപയോഗിച്ചുള്ള മൃതദേഹ സംസ്കാരത്തിന് കോടതി ഏർപ്പെടുത്തിയ നിയന്ത്രണം ഇല്ലാതാകും.

ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് ജനങ്ങൾക്ക് ശ്മശാനം തുറന്നു നൽകാനാകും. പരിസര പ്രദേശങ്ങളിലെ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകും.
-ഷെയ്ക്ക് അബ്ദുൾ ഖാദർ
(വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ്)