വടക്കാഞ്ചേരി: വിരുപ്പാക്ക തൃശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ഈ ഓണക്കാലവും പട്ടിണി തന്നെ. അടച്ച് പൂട്ടിയിട്ട് രണ്ടരക്കൊല്ലം പിന്നിടുമ്പോൾ പുതിയ ചെയർമാനേയും എം.ഡിയേയും നിയമിച്ചതൊഴിച്ചാൽ മില്ലിൽ വൈദ്യുതി പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. മെഷിനറികളെല്ലാം തുരുമ്പെടുത്ത നിലയിലാണ്. പല മെഷീനുകളും പ്രവർത്തനക്ഷമവുമല്ല. 2023ൽ ഓണത്തിന് മുമ്പ് തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചെങ്കിലും സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.
തൊഴിലാളികൾക്ക് ഓണാനുകൂല്യം നൽകുന്നത് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ടെക്‌സ്റ്റൈൽസ് വ്യവസായബന്ധ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തിരുവനന്തപുരം ലേബർ കമ്മിഷണറുടെ കാര്യാലയത്തിൽ ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. തൊഴിലാളി സംഘടനകൾ അറ്റൻഡൻസ് ഇൻസെന്റീവായി അഞ്ച് രൂപയും പൂട്ടിക്കിടക്കുന്ന മില്ലുകളിലെ തൊഴിലാളികൾക്ക് ഓണ ബോണസും ആവശ്യപ്പെട്ടു. ഒന്നും നൽകാനാകില്ലെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. അറ്റൻഡൻസിന് ഒരു രൂപ നൽകണമെന്ന ലേബർ കമ്മിഷണറുടെ ആവശ്യവും തള്ളി. കഴിഞ്ഞ ഓണക്കാലത്ത് തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ നൽകിയിരുന്നു.
മുൻ തൊഴിലാളി മരിച്ചത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന്
മില്ലിൽ നിന്ന് 2.16 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള തൊഴിലാളിയെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കമ്പനി ഉണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ആക്ഷേപം. വാഴാനി കോട്ടയിൽ പരേതനായ രാഘവന്റെ മകൻ അശോകനെ (67)യാണ് അത്താണി കെൽട്രോണിന് മുന്നിലുള്ള പാളത്തിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അശോകൻ എന്നാണ് പറയുന്നത്. ഒപ്പം വിരമിച്ച മറ്റ് തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെതിരെ കോടതിയിൽ പോയി പണം നേടിയപ്പോൾ സി.ഐ.ടി.യു അനുഭാവിയായ അശോകൻ അത് ചെയ്തിരുന്നില്ല. ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ എം.ഡി: ശ്രീകുമാറിന്റെ ഓഫീസിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് 5000 രൂപ നൽകി അനുനയിപ്പിച്ച് വിടുകയാണ് ചെയ്തത്.