ചാലക്കുടി : അനുഭവങ്ങളുടെ സമ്പത്തുമായി ഫോട്ടോഗ്രഫി രംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ് ചാലക്കുടിയിലെ ജോയ് കല്ലിങ്ങൽ. ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ, മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാർ, കെ.കരുണാകരൻ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയതിന്റെ ചാരിതാർത്ഥ്യമാണ് എഴുപതിലും സക്രിയനായ ജോയിയുടെ മുതൽക്കൂട്ട്. ഇരുപതാം വയസിലെ കോളേജ് പഠനകാലത്ത് തുടങ്ങിയതാണ് ക്യാമറയോടുള്ള കമ്പം. അക്കാലത്ത് നാട്ടിലെ പ്രശസ്ത ഫോട്ടോഗ്രഫറായ പ്രതാപനുമായി പരിചയപ്പെടുകയും തുടർന്ന് ഒരു ക്ലിക് ത്രി ക്യാമറ സ്വന്തമാക്കുകയും ചെയ്തു.
തൃശൂർ പൂരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പകർത്തിയായിരുന്നു ഫോട്ടോഗ്രഫിയിലെ തുടക്കം. പഠനത്തോടൊപ്പം ഫോട്ടോഗ്രഫി ശീലമാക്കിയ ജോയി പിന്നീട് ചാലക്കുടിയിലെ അമ്പിളി സ്റ്റുഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു. വർഷങ്ങൾക്കുശേഷം സൗത്ത് ജംഗ്ഷനിൽ ഫർണീച്ചർ കടയും അതോടൊപ്പം സ്വന്തമായി സ്റ്റുഡിയോയും ആരംഭിച്ചു. ഈ വേളയിൽ സ്റ്റുഡിയോയ്ക്ക് നൽകിയ പൊന്നമ്പിളി എന്ന പേരിലാണ് പിന്നീട് ജോയ് അറിയപ്പെട്ടത്.
അന്തരിച്ച കലാഭവൻ മണി, ചാലക്കുടിയിലെ പൊന്നമ്പിളി സ്റ്റുഡിയോയിൽ നിത്യ സന്ദർശകനായി. തിലകൻ, ജോസ് പെല്ലിശ്ശേരി തുടങ്ങി നിരവധി കലാകാരൻമാരുടേയും അടുപ്പക്കാരനായി. ആക്ട ക്ലിക്ക് ത്രി ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് ആധുനിക സംവിധാനത്തിലെത്തി നിൽക്കുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന ജോയ് ഇന്നും കോൺഗ്രസ് സഹയാത്രികനാണ്. ഫോട്ടോഗ്രഫി രംഗത്ത് സുവർണ ജൂബിലി ആഘോഷിക്കുന്ന ജോയ് പൊന്നമ്പിളിയെ ആദരിക്കുന്നതിന് ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ ചാലക്കുടി മേഖല കമ്മിറ്റി ബുധനാഴ്ച ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
പൊന്നമ്പിളി എന്ന പൊലീസ് ഫോട്ടോഗ്രഫർ
ഒരു കാലത്ത് പൊലീസ് ഫോട്ടോഗ്രഫർ എന്ന പേര് കൂടി സ്വന്തമായി. പൊലീസ് കേസുകളിലെല്ലാം പൊന്നമ്പിളി ജോയിയായിരുന്നു പൊലീസുകാരുടെ ഫോട്ടോഗ്രഫർ. മലക്കപ്പാറയിൽ കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കൊക്കയിലിറങ്ങി സാഹസികമായി ക്യാമറയിൽ പകർത്തിയത് ഇന്നും മങ്ങാത്ത ഓർമ്മയാണ്. നോർത്ത് ചാലക്കുടിയിലെ സ്വീറ്റിയുടെ മരണം, തുരുത്തിപ്പറമ്പ് പള്ളിവികാരി ഫാദർ ജോബ് ചിറ്റിലപ്പള്ളിയുടെ കൊലപാതകം തുടങ്ങിയ പ്രമാദമായ കേസുകളിൽ പൊലീസിനു വേണ്ടി ചിത്രങ്ങൾ പകർത്തിയത് മറ്റാരുമായിരുന്നില്ല.