shilpi

കൊടുങ്ങല്ലൂർ: ബസിൽ യാത്ര ചെയ്യുമ്പോൾ എവിടെയെത്തിയെന്ന് ആരോടും ചോദിക്കേണ്ട. ബസിലെ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റങ്ങൾ (ജി.പി.എസ്) യാത്രക്കാരോട് പറഞ്ഞു തരും. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശിൽപ്പി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണ് ജി.പി.എസ് സാങ്കേതികവിദ്യയിൽ സവിശേഷമായ സംവിധാനം ഒരുക്കിയിട്ടുള്ളത്. ലിമിറ്റ്ഡ് സ്റ്റോപ്പ് ബസുകൾ നിറുത്തുന്ന സ്ഥലങ്ങളിൽ എത്തുന്നതിന് 100 മീറ്ററിന് മുമ്പേ ബസിലെ യാത്രക്കാർക്ക് ശബ്ദസന്ദേശം നൽകും. കൊടുങ്ങല്ലൂർ കിഴക്കെനടയിൽ ബസ് എത്തുന്നതിന് മുമ്പേ അടുത്തത് കിഴക്കേ നട, നെസ്റ്റ് കിഴക്കേ നട എന്ന് മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കും. കിഴക്കെ നടയിൽ എത്തിയാൽ എറണാകുളം, വൈറ്റില, പറവൂർ ഭാഗങ്ങളിലേക്ക് പോകുവാനുള്ള യാത്രക്കാർ ഇവിടെ ഇറങ്ങുക എന്നും വിശദീകരിക്കുന്നുണ്ട്. കൊടുങ്ങല്ലർ, തൃശൂർ റൂട്ടിൽ 16 ബസ് സ്റ്റോപ്പുകളാണ് ലിമിറ്റഡ് ബസുകൾക്കുള്ളത്. അവിടെങ്ങളിൽ എത്തുന്നതിന് മുമ്പേ ശിൽപ്പി ബസിലെ ജി.പി.എസ് സംവിധാനം ഭംഗിയായി ജോലി നിർവഹിക്കുന്നു. സ്ഥല പരിചയ കുറവായ വർക്കും പ്രായമായവർക്കും സംവിധാനം ഏറെ പ്രയോജനപ്പെടുന്നുണ്ട്. ഒന്നരാഴ്ച മുമ്പാണ് പുതുപുത്തൻ ബസായ ശിൽപ്പി നിരത്തിൽ ഇറക്കിയിട്ടുള്ളത്. നിരീക്ഷണ ക്യാമറ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ ഉള്ളതിനാൽ ശിൽപ്പി ബസിലൂടെയുള്ള യാത്ര യാത്രക്കാർക്ക് സംതൃപ്തിയുണ്ടാക്കുന്നു.