വടക്കാഞ്ചേരി : നവീകരണത്തിന്റെ പേരിൽ താറുമാറായ വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വിളഞ്ഞ നെല്ലിന്റെയും പച്ചക്കറികളുടെയും കൊയ്ത്തുത്സവം സംഘടിപ്പിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് വടക്കാഞ്ചേരി ഡിവിഷൻ കമ്മിറ്റി. കർഷകത്തൊഴിലാളി കോരൻ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.അജിത്ത് കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അനു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ജിജോ കുര്യൻ, ഷാഹിദ റഹ്മാൻ, വി.അനിരുദ്ധൻ, എ.എസ്.ഹംസ, ടി.വി.സണ്ണി, ബിജു ഇസ്മായിൽ, ശശി മംഗലം, സി.ആർ രാധാകൃഷ്ണൻ, അഡ്വ. മുഹമ്മദ് ഷഫീഖ്, ജോയൽ മഞ്ഞില എന്നിവർ സംസാരിച്ചു.
ഇഴഞ്ഞ് നവീകരണം, താറുമാറായി ഗ്രൗണ്ട്
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചുള്ള ഗ്രൗണ്ട് നവീകരണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയാണ്. ഗ്രൗണ്ടിന്റെ ഇരുഭാഗത്തും ചാല് കീറിയതൊഴിച്ചാൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ചാലിനായെടുത്ത മണ്ണും ഗ്രൗണ്ടിൽ നിക്ഷേപിച്ചു. പ്രളയകാലത്ത് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ലഭിച്ച മണ്ണും വടക്കാഞ്ചേരി പുഴ നവീകരണത്തിന്റെ ഭാഗമായുള്ള ചെളിമണ്ണ് നീക്കം ചെയ്തതുമെല്ലാം സ്‌കൂൾ ഗ്രൗണ്ടിൽ കൂമ്പാരമായി കിടക്കുകയാണ്. ഇതിലാണ് പച്ചക്കറികളും നെല്ലുമെല്ലാം വിളഞ്ഞത്.