ചാലക്കുടി: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെ സേവ് കൊരട്ടിയുടെ നേതൃത്വത്തിൽ നാളെ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൊരട്ടി ജംഗ്ഷനിൽ നടക്കുന്ന ഉപവാസത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക സംഘടനകളും പങ്കെടുക്കും. കൊരട്ടിയിൽ പൂർണ രൂപത്തിലുള്ള മേൽപ്പാലം അനുവദിക്കുക, പൊങ്ങം മുതൽ മുരിങ്ങൂർ വരെ തുടർച്ചയായ സർവീസ് റോഡ് നിർമ്മിക്കുക, സർവീസ് റോഡിന്റെയും ചിറങ്ങരയിലെയും മുരിങ്ങൂരിലെയും അടിപ്പാതകളുടെയും നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം മാത്രം കൊരട്ടി മേൽപ്പാലത്തിന്റെ പണികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
ഉപവാസ സമരത്തിന്റെ സമാപനത്തോടൊപ്പം ടൗൺ ചുറ്റി പ്രതിഷേധ പ്രകടനവും നടത്തും. കൊരട്ടിയിൽ അടിപ്പാതയല്ല മേൽപ്പാലമാണ് വേണ്ടതെന്ന് തുടക്കം മുതൽ സേവ് കൊരട്ടി ഉന്നയിച്ചിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ തോമസ് നാലപ്പാട്ട്, കൺവീനർ സുന്ദരൻ പനങ്കൂട്ടത്തിൽ, ജോ.കൺവീനർ ഷിജു പ്ലാക്കൽ എന്നിവർ പങ്കെടുത്തു.