കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോതപറമ്പ് മാന്തുരുത്തി കടവിലുള്ള പൊതു സ്ഥലത്ത് തയ്യാറാക്കുന്ന ഓർമത്തുരുത്തിൽ ഒട്ടുമാവിൻ തൈകൾ നട്ട് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രാദേശിക ജൈവ വൈവിദ്ധ്യ പരിപാലന സമിതിയുടെ തീരുമാനപ്രകാരം തരിശുരഹിത ഗ്രാമമാക്കുന്നതിന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.
പുതുതായി നിർമ്മിച്ച കുളത്തിൽ കരിമീൻ കുഞ്ഞുങ്ങളെ എം.എൽ.എയും പ്രസിഡന്റും ചേർന്ന് നിക്ഷേപിച്ചു. ഒട്ടുമാവ്, കശുമാവ്, ഞാവൽ, സപ്പോട്ട, പേര, കാരയ്ക്ക, ലൂബിക്ക തുടങ്ങിയ ഫലവൃക്ഷ തൈകളാണ് നട്ടു വളർത്തുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളാണ് പരിപാലനം നിർവഹിക്കുന്നത്. ജൈവവൈവിദ്ധ്യ ബോർഡ്, ഹരിത കേരളമിഷൻ എന്നീ ഡിപ്പാർട്ടുമെന്റുകളുടെ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. മത്സ്യക്കൃഷിക്കും ജലസേചനത്തിനുമായാണ് പുതിയ കുളം നിർമ്മിച്ചത്. ജില്ല പഞ്ചായത്ത് മെമ്പർമാരായ കെ.എസ്.ജയ, സുഗത ശശിധരൻ തുടങ്ങിയവർ മുഖാതിഥികളായി. സെക്രട്ടറി രഹ്ന പി.ആനന്ദ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സജിതപ്രദീപ്, കെ.എ.അയൂബ്, സി.സി.ജയ, പി.എ.നൗഷാദ്, മിനിഷാജി, ഇ.ആർ.രേഖ, എൻ.എം.ശ്യാംലി, ഹരിത കേരള മിഷൻ കോഡിനേറ്റർ വിനീത, സീന അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.