1
1

ചാലക്കുടി: നഗരസഭയുടെ ജേക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ചെയർപേഴ്‌സൻ ചെയർമാനായും നഗരസഭാ സെക്രട്ടറി കൺവീനറായും വൈസ് ചെയർപേഴ്‌സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാർ, ഭരണപക്ഷ, പ്രതിപക്ഷ പാർലിമെന്ററി പാർട്ടി ലീഡർമാർ, പ്രതിപക്ഷ പാർലിമെന്ററി പാർട്ടി ഉപലീഡർ, വാർഡ് കൗൺസിലർ, മുനിസിപ്പൽ എൻജിനിയർ, റവന്യൂ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് പുറമെ, ബാസ്‌കറ്റ് ബാൾ, വോളിബാൾ, ഷട്ടിൽ എന്നീ മേഖലകളിലെ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
ഇൻഡോർ സ്റ്റേഡിയത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും. പരിശീലനത്തിന്റേയും പരസ്യങ്ങളുടേയും മറ്റ് മത്സര പരിപാടികളിലൂടേയും ലഭിക്കുന്ന ഫീസ് പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. സ്റ്റേഡിയത്തിന്റെ തുടർ പരിപാലനത്തിന് മാത്രമായി തുക ഉപയോഗിക്കും. സ്റ്റേഡിയത്തിന്റെ പരിപാലനത്തിന് മാനേജരേയും ശുചീകരണ ജീവനക്കാരേയും വാച്ച്മാൻമാരേയും കൗൺസിൽ നിയമിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് ഉൾഭാഗത്തും മുൻഭാഗത്ത് സ്ഥാപിക്കുന്ന ഫെൻസിഗിലും പരസ്യം സ്ഥാപിക്കാൻ താത്പര്യമുള്ളവരിൽ നിന്നും പരസ്യം സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിൽ വുഡൻ ഫ്‌ളോറിംഗ് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ അതിന് യോജിക്കുംവിധമുള്ള ഷൂ ഉപയോഗിച്ചുള്ള പരിശീലനവും മത്സരങ്ങളും മാത്രമേ ഇവിടെ നടത്താൻ കഴിയൂ എന്നും കൗൺസിൽ തീരുമാനിച്ചു. രാവിലേയും വൈകിട്ടും ബാസ്‌കറ്റ് ബാൾ പരിശീലനം നിലവിൽ ആരംഭിച്ചതായും അടുത്ത മാസം മുതൽ ഷട്ടിൽ പരിശീലനം തുടങ്ങുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു. ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി.