ചാലക്കുടി: ഗുരുതരമായ സാങ്ക്രമിക രോഗങ്ങളെ തടയുന്നതിന് സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. പരിയാരം പഞ്ചായത്ത് തൂമ്പാക്കോട് ആരംഭിച്ച ജനകീയ കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നത് തടയാൻ സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 30, 31 രീതികളിൽ കേരളത്തിലെ എല്ലാ കിണറുകളും കെട്ടിക്കിടക്കുന്ന ജലാശയങ്ങളും ശുചീകരിക്കുന്ന ദൗത്യം ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും അമീബ ബാക്ടീരിയ രോഗം അതിവേഗം പടരുകയാണ്. കൃത്യമായ പരിശോധന നടത്തുന്നത് കൊണ്ടാണ് കേരളത്തിലെ രോഗികളുടെ എണ്ണം കണക്കാക്കാൻ പറ്റുന്നത്-മന്ത്രി പറഞ്ഞു.
പരിയാരം പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാൻഡിൽ നിന്നുള്ള 55.50 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സനീഷ് കുമാർ ജോസഫ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ, ജനീഷ് പി.ജോസ്, ഡെസ്റ്റിൻ താക്കോൽക്കാരൻ, ഷീബ ഡേവിസ്, ഷാജു ജോസഫ്, അല്ലി ഡേവിസ്, പി.പി.പോളി, എം.പി.ഷിജു, സിനി ലോനപ്പൻ, ഡേവിസ് കോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.