ചാലക്കുടി: നഗരസഭയുടെ പടിഞ്ഞാറെ ചാലക്കുടി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നിർമ്മാണോദ്ഘാടനം വിവിധ പരിപാടികളോടെ 30, 1 തിയതികളിൽ നടക്കും. സാംസ്‌കാരികാഘോഷം സ്‌നേഹസംഗമം എന്നിവയുമുണ്ടാകും. 30ന് വൈകിട്ട് 4ന് ഐ.ആർ.എം.എൽ.പി സ്‌കൂളിന് സമീപം സാംസ്‌കാരികാഘോഷം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. സ്ഥിരംസമിതി ചെയർമാൻ കെ.വി.പോൾ അദ്ധ്യക്ഷനാകും. ചലച്ചിത്ര താരം ദേവൻ മുഖ്യാതിഥിയാവും. വിദ്യാഭ്യാസം, സാംസ്‌കാരികം, ആതുര മേഖല എന്നിവയിൽ മികവ് പുലർത്തിയവരെ ആദരിക്കും. 25, 26 വാർഡ് വികസന സമിതി, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർക്കും ആദരം നൽകും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. 31ന് വൈകിട്ട് 4ന്് ഹെൽത്ത് ആൻഡ് വെൽനസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നഗരസഭാ ചെയർപേഴ്‌സൻ ഷിബു വാലപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി.പോൾ, നഗരസഭാ അംഗം ജോർജ് തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.