1
1

അന്തിക്കാട്: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന് ചുണ്ടൻ വള്ളമടക്കം 34 വള്ളങ്ങൾ മത്സരിക്കും. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടശ്ശാംകടവ് ജലോത്സവം സെപ്തംബർ ആറിന് കാനോലി കനാലിലെ സൗഹൃദ തീരത്ത് നടക്കും.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, എ.എൽ.എമാരായ മുരളി പെരുനെല്ലി, സി.സി.മുകുന്ദൻ എന്നിവർ പങ്കെടുക്കും. ജലോത്സവം ഉച്ചതിരിഞ്ഞ് രണ്ടിന് ജലഘോഷയാത്രയോടെ ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിൽപ്പെട്ട വള്ളങ്ങളും, ഫ്‌ളോട്ടുകളും നീന്തൽ മത്സരം എന്നിവയും ജലോത്സവത്തോടനുബന്ധിച്ച് നടത്തും. ജലോത്സവത്തോടനുബന്ധിച്ച് ഏഴ് ദിവസത്തെ വിവിധ ഇനം പരിപാടികൾ നടക്കും.

31ന് ആറിന് വടംവലി മത്സരവും സെപ്തംബർ ഒന്നിന് രാവിലെ 10 ന് 9 പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഗ്രൂപ്പുകളുടെ പൂക്കള മത്സരം, രണ്ടാം തീയതി കൈകൊട്ടിക്കളി , മൂന്നിന് വൈകിട്ട് ആറിന് ഗാനമേള, നാലിന് കൂർക്കഞ്ചേരി ദൈവമക്കൾ ടീം അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻപാട്ട്, അഞ്ചിന് സാംസ്‌കാരിക സമ്മേളനവും തൃശൂർ കലാസദൻ അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കും. സംഘാടകസമിതി ജനറൽ കൺവീനർ വി.എൻ.സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി.പ്രസാദ്, കെ.കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, കെ.വി.വിനോദൻ, സിമി പ്രദീപ്, ലത മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.