1
1

വടക്കാഞ്ചേരി : എരുമപ്പെട്ടി കൊടുമ്പ് ചാത്തൻചിറ ഉന്നതിയിലെ കൊളവരമ്പത്ത് വീട്ടിൽ പ്രസാദി (39)ന് കഴിഞ്ഞ 19 ജീവിതത്തിൽ മറക്കാനാകാത്ത ദിനം. ജോലിക്കിറങ്ങിയ ഈ വൈദ്യുതി വകുപ്പ് കരാർ ജീവനക്കാരൻ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഹൃദയം നിശ്ചലമായി ലൈനിൽ കുടുങ്ങിക്കിടന്ന ദൃശ്യം നാടിന് സമ്മാനിക്കുന്നത് ഇന്നും വല്ലാത്ത ഞെട്ടലാണ്. ജീവൻ നഷ്ടപ്പെട്ടെന്ന് എല്ലാവരും വിധിയെഴുതിയ യുവാവിനെ പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ്. കാർഡിയോ പൾമോണറി റെസസിറ്റേഷനി (സി.പി.ആർ) ലൂടെയായിരുന്നു പുതുജീവൻ. ഫിസിഷ്യൻ ഡോ.അഭിലാഷ് പുരുഷോത്തമൻ, അനസ്‌തെറ്റിസ്റ്റ് ഡോ.നിർമ്മൽ, സി.എം.ഒ: ഡോ.ഹുസ്‌ന എന്നിവരുടെ അക്ഷീണ പോരാട്ടം പ്രസാദിന്റേയും പ്രിയപ്പെട്ടവരുടേയും ചിരിയായി. എസ്.എൻ.ഒ.ഷീബ, നഴ്‌സിംഗ് ഓഫീസർമാരായ ശ്രീവത്സൻ, സൽസബീല, സൗമ്യ, ഹസ്‌ന, ടിന്റു, ഇ.സി.ജി. ടെക്‌നീഷ്യൻ ശാലി, എൻ.എ.തങ്കപ്പൻ, ഖദീജ, റസിയ, ഫ്രാൻസിസ്, ജോയൽ എന്നിവരും ജീവൻരക്ഷയുടെ വക്താക്കളായി. അമല ആശുപത്രിയിലായിരുന്നു തുടർചികിത്സ. ബുധനാഴ്ച ആശുപത്രി വിട്ട് രണ്ട് പിഞ്ചുമക്കളുടേയും കുടുംബത്തിന്റേയും സനേഹത്തണലിലേക്ക് പ്രസാദ് തിരിച്ചെത്തി. ഡോക്ടർമാരടക്കമുള്ള എല്ലാവർക്കും നന്ദി പറയുകയാണ് യുവാവിന്റെ നിർദ്ധന കുടുംബം. ജില്ലാ ആശുപതിയിലെ ഡോക്ടർമാരുടെ മികച്ച പ്രവർത്തനമില്ലെങ്കിൽ നാടിനും വീടിനും ഓണക്കാലം സങ്കടക്കടലാകുമായിരുന്നെന്ന് പ്രസാദ് പറയുന്നു.

സമൂഹത്തിൽ ആരോഗ്യ സംബന്ധമായ ബോധവത്കരണവും പരിശീലനവും ആവശ്യമാണ്. ഡോക്ടർമാരുടെ വിവിധ സംഘടനകൾ നടത്തുന്ന സി.പി.ആർ പരിശീലനങ്ങളിൽ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താൻ പൊതുസമൂഹം സന്നദ്ധമാകണം.
-ഡോ. അഭിലാഷ് പുരുഷോത്തമൻ (ഫിസിഷ്യൻ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി)