udgadanam

കൊടകര : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഓണം അവധിക്കാല ക്യാമ്പ് ഗവ.നാഷണൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കൊടകര ഗവ.നാഷണൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, കൊടകര ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, ആളൂർ എസ്.എൻ.വി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിൽ നിന്നായി 256 കേഡറ്റുകൾ പങ്കെടുക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.ഡി.സിബി അദ്ധ്യക്ഷനായി. അഡീഷണൽ എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ ടി.എസ്.സിനോജ് വിശിഷ്ടാതിഥിയായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജില്ലാ നോഡൽ ഓഫീസറെ കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ പൊന്നാട അണിയിച്ച് ആദരിച്ചു. കൊടകര സബ് ഇൻസ്‌പെക്ടർ കെ.എസ്.രാധാകൃഷ്ണൻ ക്യാമ്പിന്റെ പതാക ഉയർത്തി. കെ.കെ.താജുദ്ദീൻ, പി.യു.സന്ധ്യ, ഒ.എച്ച്.ബിജു, എം.സുധീർ, സിബി സുരേഷ് എന്നിവർ സംസാരിച്ചു. വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിവിധ ഇൻഡോർ, ഔട്ട്‌ഡോർ ക്ലാസുകൾ, പരേഡ്, യോഗ, കരാട്ടെ പരിശീലനം എന്നിവ ക്യാമ്പിൽ ഉണ്ടാകും. 30ന് സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ പങ്കെടുക്കും.