കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള പത്ത് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതുതായി കൂടുതൽ വെള്ളം സംഭരിക്കാൻ പറ്റുന്ന വലിയ റിസർവോയർ നിർമ്മിക്കാനും, അതോടനുബന്ധിച്ച് ജലശുദ്ധീകരണശാല പണിയാനും പദ്ധതി. പദ്ധതിക്കും വെള്ളം പമ്പു ചെയ്യാൻ ഉയർന്ന ശേഷിയുള്ള പുതിയ മോട്ടോർ സ്ഥാപിക്കാനും കിഫ്ബി ഫണ്ടിൽ നിന്ന് 88 കോടി അനുവദിച്ചതായി എം.ഡി രേഖാമൂലം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം സമർപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാട്ടർ അതോറിറ്റി ഇതുവരെ സ്വീകരിച്ച നടപടികൾ മാനേജിംഗ് ഡയറക്ടർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ഈ പത്ത് പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് വെള്ളാനിയിൽ നിന്നാണ്.

നിലവിലുള്ള ജലശുദ്ധീകരണ ശാലയുടെ ശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി തടസമില്ലാതിരിക്കാൻ 500 കെ.വി ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുമായുള്ള നടപടികൾ കൂടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2017 മുതൽ ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു പ്രവർത്തകരായ പി.എ.സീതിമാസ്റ്ററും, കെ.എ.ധർമ്മരാജനും ഈ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ഷാനവാസ് കാട്ടകത്ത് മുഖേന ഹർജി സമർപ്പിച്ചത്. പദ്ധതി നടപ്പാക്കാൻ ടെൻഡർ നടപടിക്രമം അടിയന്തരമായി പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.

സത്യവാങ്മൂലത്തിൽ ഇങ്ങനെ

ദേശീയപാതയിൽ ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന പഴയ കോൺക്രീറ്റ് പൈപ്പ് മാറ്റും

ഏങ്ങണ്ടിയൂർ മുതൽ മതിലകം വരെ 500 എം.എം, 700 എം.എം വ്യാസമുള്ള അയേൺ പൈപ്പ് സ്ഥാപിക്കും

ചെലവിലേക്ക് കിഫ്ബി 47 കോടി പ്രത്യേകമായി അനുവദിച്ചു

പണി തുടങ്ങി ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും