കൊടുങ്ങല്ലൂർ: കടൽ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓണക്കാലത്തെ വ്യാജ മദ്യ വിൽപ്പന തടയുന്നതിനും ലക്ഷ്യമിട്ട് ജില്ലാ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ്, കോസ്റ്റൽ പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. ജില്ലാ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമയുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എ.ടി.ജോബിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
ഓണ സീസണിൽ ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽമാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതൽ പാലപ്പെട്ടി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബാലസുബ്രഹ്മണ്യൻ, എൻ.ശങ്കർ, വി.ജെ.റോയ്, പ്രദീപ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ ഇ.ആർ.ഷിനിൽകുമാർ, വി.എൻ.പ്രശാന്ത് കുമാർ, കോസ്റ്റൽ എസ്.ഐ: ബിജു ജോസ്, റെസ്‌ക്യു ഗാർഡുമാരായ പ്രസാദ്, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത പെട്രോളിംഗ് സംഘം അറിയിച്ചു.