തൃശൂർ: ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരള കൗമുദി എന്നും മുന്നിൽ നിന്ന ചരിത്രമാണുള്ളതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരള കൗമുദിയുടെ 114-ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വർഷങ്ങളായി ഏറ്റവും അടുത്ത് നോക്കി കാണുന്നതും നിർദ്ദേശങ്ങളും പുതിയ കാര്യങ്ങളും കാണിച്ച് തരുന്നതുമായ പത്രമാണ് കേരള കൗമുദി. ആരും ഏറ്റെടുക്കാത്ത വിവിധ വിഷയങ്ങൾ കേരള കൗമുദിയാണ് പുറത്ത് കൊണ്ടുവന്നത്. അത്തരം വിഷയങ്ങൾ നിയമസഭയിലടക്കം കൊടുങ്കാറ്റായി മാറി. താനടക്കമുള്ളവർ വിഷയങ്ങൾ അവതരിപ്പിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ട്. പറമ്പിക്കുളം വിഷയവും മുല്ലപ്പെരിയാർ വിഷയവുമൊക്കെ കേരള കൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. കേരളം ഞെട്ടിയ പാമോയിൽ വിഷയം പുറത്തു കൊണ്ടുവന്നതും കേരളകൗമുദിയാണ്. അടിച്ചമർത്തപ്പെട്ടവരുടെയും സാധാരണക്കാരുടെയും സാമൂഹ്യ നീതിക്കായും നാവായി കേരള കൗമുദി നിലകൊള്ളുന്നതിൽ അഭിമാനിക്കുന്നു. കേരള കൗമുദി പോലുള്ള പത്രങ്ങൾ സാധാരണക്കാരുടെ നാവായി ഉറച്ച് നിന്നെങ്കിലേ സാധാരണക്കാർക്ക് എന്നും സത്യവും നീതിയും ലഭിക്കൂവെന്നത് സത്യമായ കാര്യമാണ്.
114 വർഷമായ മുല്ലപ്പെരിയാർ ഡാമിന്റെ വിഷയത്തിൽ ഇപ്പോൾ ചർച്ച നിലച്ച മട്ടാണ്. കേരളത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഒരു പദ്ധതിയും തുടങ്ങാനാകുന്നില്ല. 3000 ടി.എം.സി വെള്ളമുള്ളപ്പോൾ 300 ടി.എം.സി മാത്രമാണ് നമുക്ക് ലഭിക്കുന്നത്. കുരിയാർ കുറ്റി പദ്ധതി വന്നപ്പോൾ മൃഗങ്ങൾക്ക് കിഴക്കും പടിഞ്ഞാറും പോകാൻ തടസമാകുമെന്ന് പറഞ്ഞ് അതും തടഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ പവർ കട്ട് ഇല്ലാതാക്കിയതോടെ ഇരുണ്ടകാലം മാറി. വൈദ്യുതി ഉൽപാദനത്തിൽ 1420 മെഗാവാട്ട് കൂടി. കേന്ദ്രം ഞെരുക്കുമ്പോഴും കേരളത്തിലെ ജനങ്ങൾക്കായി ക്ഷേമ പദ്ധതികളും പെൻഷനും നൽകുന്നതിൽ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള കൗമുദി സ്വരമില്ലാത്തവന്റെ ശബ്ദം: ഫാ. ഹർഷജൻ പഴയാറ്റിൽ
ഇരിങ്ങാലക്കുട: മഹാബലിയുടെ സ്നേഹത്തിന്റെ സന്ദേശം നിലനിറുത്തി സ്വരമില്ലാത്തവന്റെ ശബ്ദമായി നിലകൊള്ളുന്ന പത്രമാണ് കേരള കൗമുദിയെന്ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് സ്ഥാപക ഡയറക്ടർ ഫാ. ഹർഷജൻ പഴയാറ്റിൽ പറഞ്ഞു. മാവേലിയുടെ ദർശനം പ്രായോഗികമാക്കുന്നത് കേരള കൗമുദിയാണ്. ഹൃദയത്തെ സ്പർശിക്കുന്ന സ്നേഹമാണ് മഹാബലി. ഇത്തരത്തിൽ സ്നേഹത്തിന്റെ തനിമയിലെത്തിയവരാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും. യേശുക്രിസ്തു കുരിശോളം സ്നേഹം നൽകി മരിച്ച വ്യക്തിയാണ്. ഇത്തരം സ്നേഹത്തിന് വിവേചനമില്ല. സ്വാർഥതയില്ലാത്ത സ്നേഹം നിലനിറുത്തിക്കൊണ്ടുപോകാൻ കേരള കൗമുദിക്ക് എന്നും കഴിയട്ടെയെന്ന് ആശംസിക്കുന്നു.
കേരളകൗമുദി എക്കാലവും ഗുരുവചനങ്ങൾ ജനങ്ങളിലെത്തിച്ചു
ഇരിങ്ങാലക്കുട: മൂന്നരപതിറ്റാണ്ടായുളള അഭേദ്യമായ ബന്ധമാണ് തനിക്ക് കേരളകൗമുദിയുമായി ഉള്ളതെന്നും ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങളും ആശയങ്ങളും ജനങ്ങളുടെ ഹൃദയങ്ങളിലും ഗ്രാമാന്തരങ്ങളിലും എത്തിച്ചത് കേരളകൗമുദിയാണെന്നും എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പറഞ്ഞു. ഇരിങ്ങാലക്കുടയിൽ സി.ആർ. കേശവൻ വൈദ്യർ അടക്കമുളള നിരവധി പ്രമുഖർ കേരളകൗമുദിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി എന്നും പഴയ തനിമ കാത്തുസൂക്ഷിച്ചു
ഇരിങ്ങാലക്കുട: പഴയ തനിമ കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെയാണ് കേരളകൗമുദി അന്നും ഇന്നും പ്രവർത്തിക്കുന്നതെന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്. സാധാരണക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്ന പത്രമാണ് കേരളകൗമുദി എന്നതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.
ആദരമേറ്റുവാങ്ങി വിശിഷ്ടവ്യക്തിത്വങ്ങൾ
ഇരിങ്ങാലക്കുട: കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 114- ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള ആദരം മന്ത്രി കെ.കൃഷ്ണൻകുട്ടി സമർപ്പിച്ചു.
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് ഫൗണ്ടറും ഡയറക്ടറുമായ ഫാ.ഡോ.ഹർഷജൻ പഴയാറ്റിൽ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, പ്രശസ്ത ഹോമിയോപ്പതി ചികിത്സകൻ ഡോ.പി.എസ്. സുഭാഷ്, പവർജീൻ സോളാർ ലിമിറ്റഡിന്റെ ചെയർമാൻ ഡോ.എസ്.വി. ജയകൃഷ്ണൻ, മൂവാറ്റുപുഴ ചാരീസ് ഹോസ്പിറ്റലിലെ ജനറൽ സർജൻ ഡോ.ജേക്കബ് ജോൺ, ജയഭാരത് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.ഷമീർ കെ. മുഹമ്മദ്, എഴുത്തുകാരനും എസ്.എൻ. ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ. രവി, എസ്.ബി. സെയിൽസ് ആൻഡ് സർവീസ് സി.ഇ.ഒ. ബാബു അയ്യഞ്ചിറ എന്നിവർ മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങി.
കേരള കൗമുദി പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മാദ്ധ്യമം: ഡോ. എസ്.കെ. സനിൽ
ഇരിങ്ങാലക്കുട: ചരിത്രവും പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്നതിൽ കേരള കൗമുദി മുന്നിൽ നിൽക്കുന്ന മാദ്ധ്യമ സ്ഥാപനമാണെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ സനിൽ പറഞ്ഞു. തലമുറകളെ സംയോജിപ്പിച്ച് മുന്നോട്ടു പോകുന്ന മാദ്ധ്യമമാണ് കേരള കൗമുദി. വ്യത്യസ്ഥങ്ങളായ വിജഞാനവും വിവരവും കൂടുതൽ ആർജിക്കുന്നതിനുവേണ്ടി കേരള കൗമുദി ചേർത്ത് പിടിക്കുന്നതിൽ പുത്തൻ തലമുറയും മുന്നിലാണ്. ചാനലിലൂടെയും യു ട്യൂബിലൂടെയും കേരള കൗമുദി കൂടുതൽ മുന്നിലെത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ആദരമേറ്റുവാങ്ങി വിശിഷ്ടവ്യക്തിത്വങ്ങൾ
ഇരിങ്ങാലക്കുട: കേരളകൗമുദി കൊച്ചി തൃശൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 114 ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള ആദരം മന്ത്രി കെ.കൃഷ്ണൻകുട്ടി സമർപ്പിച്ചു.
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് ഫൗണ്ടറും ഡയറക്ടറുമായ ഫാ.ഡോ.ഹർഷജൻ പഴയാറ്റിൽ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, പ്രശസ്ത ഹോമിയോപ്പതി ചികിത്സകൻ ഡോ.പി.എസ്.സുഭാഷ്, പവർജീൻ സോളാർ ലിമിറ്റഡിന്റെ ചെയർമാൻ ഡോ.എസ്.വി.ജയകൃഷ്ണൻ, മൂവാറ്റുപുഴ ചാരീസ് ഹോസ്പിറ്റലിലെ ജനറൽ സർജൻ ഡോ.ജേക്കബ് ജോൺ, ജയഭാരത് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് എൻജിനീയറിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.ഷമീർ കെ.മുഹമ്മദ്, എഴുത്തുകാരനും എസ്.എൻ ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.സി.കെ.രവി, എസ്.ബി സെയിൽസ് ആൻഡ് സർവീസ് സി.ഇ.ഒ ബാബു അയ്യഞ്ചിറ എന്നിവർ മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങി. കാലടി ആസ്ഥാനമായ സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ സിതാര കൃഷ്ണകുമാറിൽ നിന്ന് ആദരം ഏറ്റുവാങ്ങി.