janani-chendalikodan

എരുമപ്പെട്ടി: പഞ്ചായത്തിലെ രണ്ടാം വാർഡിൽ ജനനി ഭിന്നശേഷി കുടുംബശ്രീ സംരംഭത്തിന്റെ ചെങ്ങാലിക്കോടൻ കായ വറവ്, ശർക്കര വരട്ടി, നാലുവറവ് തുടങ്ങിയവയുടെ ആദ്യവിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുടുംബശ്രീ സംരംഭകരായ ഇവർ കഴിഞ്ഞ മൂന്നു വർഷമായി ചെങ്ങാലിക്കോടൻ കായ വറുവുകൾ ഓണവിപണിയിൽ എത്തിക്കുന്നുണ്ട്. സംരംഭകരുടെ ഉത്പ്പാദന മികവ് ഉയർത്തുന്നതിനായി ഒരുലക്ഷം രൂപ റിവോൾവിംഗ് ഫണ്ടും ഒരു ലക്ഷം രൂപയുടെ സാധനസാമഗ്രികളും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് അംഗം സുധീഷ് പറമ്പിലിന്റെ നേതൃത്വത്തിൽ നക്ഷത്ര നിർമ്മാണവും കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്നു. വെളിച്ചെണ്ണയുടെ വിലയും ചെങ്ങാലിക്കോടൻ കായയുടെ ലഭ്യതക്കുറവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സംരംഭകർ പറഞ്ഞു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അദ്ധ്യക്ഷയായി. സുമന സുഗതൻ, ഷീജ സുരേഷ്, എം.കെ.ജോസ്, മാഗി അലോഷ്യസ്, കെ.ബി.ബബിത, സ്വപ്ന പ്രദീപ്, എൻ.പി.അജയൻ, സതി മണികണ്ഠൻ, റീന വർഗീസ്, റിജി ജോർജ്, സംരംഭത്തിന് നേതൃത്വം നൽകുന്ന ഷാജി, സൗജത്ത്, ആലീസ്, ഹരിത തുടങ്ങിയവർ പങ്കെടുത്തു.