തൃശൂർ: പഴയ ഫർണിച്ചറും ഗ്‌ളാസും പ്‌ളാസ്റ്റിക്കുമെല്ലാം വിൽക്കാൻ ക്‌ളീൻ കേരള കമ്പനിയുടെ ഇക്കോബാങ്ക് ഉടൻ തുടങ്ങും. പുനരുപയോഗ സാദ്ധ്യതയുള്ളവയ്ക്ക് കാറ്റഗറി തിരിച്ച് പണം ക്‌ളീൻ കേരള നൽകും. പുനരുപയോഗ സാദ്ധ്യത ഇല്ലെങ്കിൽ നിശ്ചിത നിരക്ക് ഈടാക്കും. വീട് മാറുമ്പോഴോ വീട്ടിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴോ ബാക്കിയാകുന്ന അജൈവ മാലിന്യങ്ങളാണ് ഏറെയും ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ആഘോഷങ്ങൾ ഉൾപ്പെടെ പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അജൈവ പാഴ്‌വസ്തുക്കൾ നേരിട്ട് ഇക്കോ ബാങ്കിന് കൈമാറാം.
ജില്ലയിലെ ആദ്യത്തെ അജൈവ മാലിന്യ ശേഖരണ കേന്ദ്രമാണിത്. ഭക്ഷണ, മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്‌നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ ഒഴിച്ച് മറ്റെല്ലാ അജൈവ പാഴ്‌വസ്തുക്കളും ഇലക്ട്രോണിക് മാലിന്യവും ഇക്കോ ബാങ്കിൽ സ്വീകരിക്കും. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അജൈവ പാഴ് വസ്തുക്കൾ നേരിട്ട് കൈമാറാനുള്ള കേന്ദ്രങ്ങളാണിത്. ഇത്തരം കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ഒന്ന് വീതം ആദ്യഘട്ടത്തിൽ ആരംഭിക്കും. ആവശ്യകതയ്ക്ക് അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
വീണ്ടും ഉത്പന്നങ്ങളാക്കും
പുന:ചംക്രമണം സാദ്ധ്യമായവ, ചെടിച്ചട്ടികൾ, കസേരകൾ, ഷീറ്റുകൾ എന്നിവ നിർമ്മിക്കാനായി സ്വകാര്യ കമ്പനികൾക്ക് കൈമാറും. അല്ലാത്തവ സിമന്റ് നിർമ്മാണത്തിന് ഫർണസ് ഇന്ധനമായി വിനിയോഗിക്കും. എല്ലാ ജില്ലകളിലും ഓരോ ഇക്കോ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആവശ്യകത അനുസരിച്ച് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. മന്ത്രി എം.ബി.രാജേഷാണ് തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ തരംതിരിച്ച് സംസ്‌കരിക്കും. എല്ലാ ദിവസവും ഇക്കോ ബാങ്ക് പ്രവർത്തിക്കും. ക്ലീൻ കേരള കമ്പനിയുടെ വേളക്കോട് പ്രവർത്തിക്കുന്ന ജില്ലാതല ആർ.ആർ.എഫിലാണ് ജില്ലയിലെ ഇക്കോ ബാങ്ക് പ്രവർത്തിക്കാനൊരുങ്ങുന്നത്. എല്ലാ അജൈവ മാലിന്യങ്ങളും ക്ലീൻ കേരള കമ്പനിക്ക് ദിവസവും കൈമാറാനുള്ള നടപടികൾ തുടങ്ങിയതോടെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്‌നത്തിനും ഒരു പരിധി വരെ പരിഹാരമായി.
ഓണം കഴിഞ്ഞാൽ ഉടൻ ഇക്കോ ബാങ്ക് പ്രവർത്തനസജ്ജമാകും. ഇതോടെ ഗാർഹികമാലിന്യ പ്രശ്‌നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകും.
ശംഭു ഭാസ്‌കർ
ജില്ലാ മാനേജർ
ക്ലീൻ കേരള കമ്പനി.