വടക്കാഞ്ചേരി : വിരുപ്പാക്ക തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് ഇത്തവണ ഹാപ്പി ഓണം. ഓരോ തൊഴിലാളിക്കും 2000 രൂപയ്ക്ക് പുറമെ 5000 രൂപ വീതം മാനേജുമെന്റ് അഡ്വാൻസും നൽകും. സ്ഥിരം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. മിൽ പൂട്ടിയ 2023 ഫെബ്രുവരി 6 വരെയുള്ള കാലയളവിലെ ശമ്പള ഇനത്തിലെ കുടിശ്ശികയും നൽകും. ഇതോടെ ഒരു തൊഴിലാളിക്ക് 7000 രൂപ ഉറപ്പായി. ഓണക്കാലത്തും തൊഴിലാളികളുടെ ശോചനീയാവസ്ഥയെപ്പറ്റി കേരളകൗമുദി വാർത്ത നൽകിയതിന് പുറകെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പ്രശ്‌നത്തിൽ ഇടപെടുകയും മാനേജുമെന്റുമായി ചർച്ച നടത്തി 5000 രൂപ അഡ്വാൻസായി നൽകാൻ ധാരണയിലെത്തുകയായിരുന്നു.
ആനുകൂല്യം ലഭിക്കാൻ കടമ്പയേറെ
എം.എൽ.എ പ്രഖ്യാപിച്ച ഓണം അഡ്വാൻസ് ഓണത്തിന് മുമ്പ് തൊഴിലാളികൾക്ക് ലഭിക്കാൻ കടമ്പയേറെ. മില്ലിലെ കംപ്യൂട്ടറിൽ ഒരു തൊഴിലാളികളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളില്ല. മില്ലിന്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലുമാണ്. ടെക്‌സ് ഫെഡ് അക്കൗണ്ടിലൂടെ തുക നൽകുകയാണ് ഏക മാർഗം. ഇതിന് വിവരങ്ങൾ ടെക്‌സ് ഫെഡിന് ലഭിക്കണം. മില്ലിൽ നിന്ന് നൽകിയാൽ തന്നെ അത് ക്രോഡീകരിച്ച് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറ്റുക എന്നതും ശ്രമകരമാണ്. നാല് ജീവനക്കാരാണ് ടെക്‌സ് ഫെഡിലുള്ളത്. ശമ്പള കുടിശികയിൽ മുഴുവൻ തുക ആർക്കും ലഭിക്കില്ല. ഒരു ദിനം ഓഫ് പരിഗണിച്ചാൽ 5 ദിവസത്തെ ശമ്പളമാണ് പരമാവധി ലഭിക്കുക. ഇത് 3000 രൂപയാണ്. വൈൻഡിംഗ് ഡിപ്പാർട്ടുമെന്റ് മാത്രമാണ് അവസാനം വരെ പ്രവർത്തിച്ചത്.
സെപ്തംബർ അവസാന വാരം മിൽ തുറക്കും. വൈദ്യുതി ഉടൻ ലഭിക്കും. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. തുറന്നാൽ തുടർ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ സഹകരണം അനിവാര്യമാണ്.
-എൻ.കെ.പ്രമോദ് കുമാർ
(ഡയറക്ടർ ബോർഡ് അംഗം)