കൊടുങ്ങല്ലൂർ : പി.വെമ്പല്ലൂർ ശ്രീസായ് വിദ്യാഭവനിൽ ഒരു ദിവസം നീണ്ട ഓണാഘോഷ പരിപാടികൾ പി.ടി.എ പ്രസിഡന്റ് ടി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ബാബാ സായ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾ ആശ്രയ അഗതിമന്ദിരത്തിലെ തിരുവോണ സദ്യ ഏറ്റെടുത്ത് സമൂഹത്തിന് മാതൃക കാട്ടി.
തുടർന്ന് വിവിധ ഗ്രൂപ്പുകളുടെ മെഗാ തിരുവാതിര, മെഗാ ഫ്യൂഷൻ ഡാൻസ് എന്നിവ അത്യാകർഷകമായി. താളത്തിൽ ചുവടു വച്ചെത്തിയ പുലികളും മഹാബലിയും വാമനനുമൊത്ത് മുഴുവൻ വിദ്യാർത്ഥികളും കൈ കൊട്ടി ചുവട് വച്ചു. ഓണപ്പാട്ടുകൾ വിവിധ നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഉറിയടി, വടം വലി, പൂക്കളം എന്നീ ഇനങ്ങളിൽ മത്സരങ്ങളും ഒരുക്കി. സ്‌കൂൾ ഡയറക്ടർ സി.വിജയകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വരദ ബി.മേനോൻ, പ്രിൻസിപ്പാൾ സിജി സിജേഷ്, വൈസ് പ്രിൻസിപ്പൽ പി.സി.മോഹനൻ, സ്‌കൂൾ ഡയറക്ടർ ബോർഡ് മെമ്പർ എൻ.വി.ഷാജി എന്നിവർ ഓണസന്ദേശം നൽകി.