photo

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് മുതൽ പീച്ചി റോഡ് ജംഗ്ഷൻ വരെ വൻ ഗതാഗതക്കുരുക്ക്. പുലർച്ചെ നാലരയോടെ ആരംഭിച്ച കുരുക്ക് ഉച്ചയോടെയാണ് കുറഞ്ഞത്. ആംബുലൻസിന് പോലും കടന്നു പോകാൻ കഴിയാത്ത നിലയിൽ കുരുക്ക് രൂക്ഷമായി. സർവീസ് റോഡിലും പ്രധാന പാതയിലും ഒരേപോലെ വാഹനങ്ങൾ കുടുങ്ങിയതോടെ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം രണ്ടു മണിക്കൂറോളം പൂർണമായും നിലച്ചു.
മുടിക്കോട് സർവീസ് റോഡിന്റെ തകർച്ചയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കല്ലിടുക്കിലും മുടിക്കോടും പേരിന് ടാറിംഗ് നടത്തിയെങ്കിലും പണികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും വാഹന യാത്രക്കാരും ആവശ്യപ്പെട്ടു.