തൃശൂർ: ഇന്ന് അനിഴം... തിരുവോണത്തിന് ഇനി അഞ്ചുനാൾ. ഓണം പടിവാതിക്കലെത്തിയെങ്കിലും ഇത്തവണ വസ്ത്രവിപണിയിൽ മാത്രമാണ് ഉണർവുള്ളത്. ഇടവിട്ട ദിവസങ്ങളിൽ പെയ്യുന്ന മഴ കച്ചവടക്കാരെ നിരാശയിലാക്കുന്നുണ്ട്. വെയിലൊന്ന് ഉദിച്ചാൽ ജനം ഇറങ്ങുമെന്ന പ്രതീക്ഷയിലാണിവർ. പൂ വിപണിയിൽ വൻ ഇടിവാണെന്നും മുൻകാലത്തെക്കാൾ പാതി കച്ചവടമില്ലെന്നും പൂക്കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷം നടന്നു. ഇനി വീടുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന ആഘോഷങ്ങളിലാണ് പ്രതീക്ഷ.
തിക്കിതിരക്കി ഫുട്പാത്ത്
കോർപ്പറേഷൻ റോഡിലെ ഫുട്പാത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഫുട്പാത്ത് കച്ചവടക്കാരെ തന്നെയാണ്. ശക്തൻ നഗറിൽ കോർപറേഷൻ നിർമ്മിച്ച ഷെൽട്ടറിൽ വലിയ തള്ളിക്കയറ്റമില്ലെന്ന് കച്ചവടക്കാർ പറയുന്നു.
വരൂ... ഫുൾ നാടനാ...
കുടുംബശ്രീ ഓളം വിപണമേളയിലെ പച്ചക്കറി സ്റ്റാളിലെത്തിയാൽ പൊതുവിപണിയേക്കാൾ വിലക്കുറവിൽ നാടൻ ഇനങ്ങളുമായി മടങ്ങാം. ഓണത്തിന്റെ മാസ്റ്റർ പീസായ ചെങ്ങാലിക്കോടനും വരവൂർ ഗോൾഡും മേളയിലെ താരങ്ങളാണ്. കുടുംബശ്രീകൾ പ്രാദേശികമായി ഉത്പാദിപ്പിച്ച ഇനങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. എല്ലാത്തരം പച്ചക്കറികളും ഇവിടെ ലഭ്യമാണ്. കോർപറേഷൻ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ നാലു വരെ നീളുന്ന വിപണന മേളയിൽ അമ്പതോളം സ്റ്റാളുകളാണ് ഉള്ളത്. ഒപ്പം ഫുഡ്‌കോർട്ടും നഴ്‌സറിയുമുണ്ട്.
അസ്വദിക്കാം കലാവിരുന്ന്
സംസ്ഥാന വിപണന മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടക്കുന്ന വിപണന മേളയുടെ ഭാഗമായി നടക്കുന്ന കലാവിരുന്നിന് ആസ്വാദകരേറെ. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി വരെ നീളുന്ന പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾക്ക് ഒപ്പം പ്രൊഫഷണൽ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. നാലു വരെ നീളുന്നതാണ് പരിപാടി.
പ്രതീക്ഷയോടെ കമലുവും തങ്കമണിയും
ഒന്നര പതിറ്റാണ്ടോളമായി ഓണക്കാലമായാൽ തങ്കമണിയും കമലുവം തേക്കിൻകാട് മൈതാനത്ത് കളിമൺ ഉത്പന്നങ്ങളുമായി എത്തും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കഷ്ടമാണെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. കമലു തൃക്കാക്കരയപ്പനും തങ്കമണി കളിമൺപാത്രങ്ങളുമായാണ് തെക്കേഗോപൂര നടയിൽ ഇടം പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയായിട്ടും കൈനീട്ടം പോലും വിറ്റില്ലെന്ന് പറയുമ്പോൾ കമലുവിന്റെ മുഖത്ത് നിരാശയാണ്. തൃക്കാക്കരയപ്പന് മൂന്നെണ്ണത്തിന് 110 രൂപ മുതൽ 250 രൂപ വരെ വിവിധ വലുപ്പത്തിലുണ്ട്. മൺപാത്രങ്ങൾ 150 രൂപയിൽ 600 വരെയുണ്ട്.
മഴയാണ് ചതിച്ചത്. ഇനി മഴ ഒന്ന് ഒഴിഞ്ഞാൽ എന്തെങ്കിലും കിട്ടും .
ദിവസം വിറ്റാലും വിറ്റില്ലെങ്കിലും 500 രൂപ ദേവസ്വം ബോർഡിന് കൊടുക്കണം.
കമലുവും തങ്കമണിയും