പുതുക്കാട് : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ജലമാണ് ജീവൻ' ജനകീയ കാമ്പയിന്റെ ഭാഗമായി അമീബിക് മസ്തിഷ്‌ക ജ്വരമടക്കമുള്ള ജലജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം വട്ടാണത്രയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്റെ വീട്ടുകിണറ്റിൽ ക്ലോറിനേഷൻ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വി.എസ്.പ്രിൻസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ അദ്ധ്യക്ഷനായി. ഭാഗ്യവതി ചന്ദ്രൻ, കെ.എ.ഷൈലജ, സി.ദിദിക, പി.സെറിൻ എന്നിവർ പങ്കെടുത്തു.
ഹരിത കേരളം മിഷനും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി പ്രവർത്തിച്ചു കൊണ്ടാണ് ജലമാണ് ജീവൻ പദ്ധതി നടപ്പാക്കുന്നത്. നാല് ഘട്ടമായുള്ള പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ കിണറുകളും വാട്ടർ ടാങ്കുകളും പൊതു ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുകയും സെപ്തംബർ, നവംബർ മാസത്തോടെ എല്ലാ ജലാശയങ്ങളും ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.