തൃപ്രയാർ : പെരിങ്ങോട്ടുകര സ്വദേശിയായ 15 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതിയായ മറ്റൊരു കുട്ടിയെ താക്കീത് ചെയ്ത് വിട്ടയച്ചു. പെരിങ്ങോട്ടുകര താന്ന്യം വിയ്യത്ത് സെമീം (20), കരുവന്നൂർ പുത്തൻതോട് പേയിൽ വീട്ടിൽ അഭിജിത്ത് ( 21) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമത്തിനിരയായ കുട്ടി സുഹൃത്തുക്കളോട് പ്രതികളുമായി സൗഹൃദത്തിലേർപ്പെടരുതെന്ന് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണം. തൃപ്രയാറിലെ ഒരു കടയിൽ നിൽക്കുമ്പോൾ പ്രതികൾ പുറത്തേക്ക് വിളിച്ചിറക്കി ബലം പ്രയോഗിച്ച് മോട്ടോർ സൈക്കിളിൽ കയറ്റി തൃപ്രയാർ ഓവർ ബ്രിഡ്ജിന് മുകളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും അച്ഛനെയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ അഭിജിത്ത് ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസിലും പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലുമടക്കം പ്രതിയാണ്. വലപ്പാട് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ, എസ്.ഐ സി.എൻ.എബിൻ, എസ്.ഐ ഭരതനുണ്ണി, സി.പി.ഒമാരായ റഷീദ്, സുനിൽ കുമാർ, ശ്യാം, ജസ്റ്റിൻ, വിഷ്ണു, ആനന്ദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.