ചിറയിൻകീഴ്: ഇലക്ട്രിസിറ്റി പോസ്റ്റുകളിലൂടെ കടന്നു പോകുന്ന സ്വകാര്യ കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ജീവന് ഭീഷണിയാകുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിളും അതിന്റെ അനുബന്ധ ഉപകരണമായ ബൂസ്റ്ററും അപകടകരമായ വിധം താഴ്ത്തിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പരാതി. ഇത് ഇരുചക്രവാഹനത്തിനും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. ഉയരത്തിൽ സ്ഥാപിച്ചാൽ കേബിൾ ജീവനക്കാർക്ക് സർവീസ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന കാരണത്തിലാണ് താഴ്ത്തി സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ബാക്കിവരുന്ന കേബിളുകൾ പോസ്റ്റിന്റെ താഴെ അലക്ഷ്യമായി കോർത്ത നിലയിലാണ് പലസ്ഥലത്തും സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ മിക്ക പോസ്റ്റുകളിലും ഇത്തരം കേബിൾ കെട്ടുകൾ കാണാം.
അപകട സാദ്ധ്യതയും
അലക്ഷ്യമായികിടക്കുന്ന ഇത്തരം കേബിളിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവാണ്. കേബിളുകൾ വാഹനയാത്രക്കാരുടെ കഴുത്തിൽ കുരുങ്ങുവാനും സാദ്ധ്യതയുണ്ട്. കേബിളും അനുബന്ധ ഉപകരണവും പല പോസ്റ്റുകളിലും അപകടകരമായ രീതിയിൽ റോഡിലേയ്ക്ക് തള്ളിയും അയഞ്ഞുമാണ് നിൽക്കുന്നത്. ഇത് രാത്രികാലങ്ങളിൽ അപകട സാദ്ധ്യത വർദ്ധിപ്പിക്കും. വലിയ വാഹനങ്ങൾ പലപ്പോഴും ഇതിൽ കുരുങ്ങി പൊട്ടാറുണ്ട്.