d

ജ്യോതിസ് ഇന്ദിരാഭായി

സി.ഇ.ഒ,​ 'നേത്രാസെമി"

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമ്മിത ചിപ്പുകൾ ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് 2024-ൽ നടന്ന 'സെമിക്കോൺ ഇന്ത്യ" കോൺഫറൻസിലാണ്. സെമി കണ്ടക്ടർ മിഷനിലൂടെ 70,000 കോടിയുടെ പദ്ധതികൾ കേന്ദ്രം വിഭാവനം ചെയ്തതും ഇതേ ലക്ഷ്യത്തോടെ തന്നെ. കേരളത്തിൽ നിന്നുള്ള സെമി കണ്ടക്ടർ സ്റ്റാർട്ടപ്പായ 'നേത്രാസെമി" 107 കോടിയുടെ 'സീരീസ് എ" ഫണ്ടിംഗ് നേടിയതോടെ കേരളവും ആഗോള ടെക്ക് മാപ്പിൽ ഇടം നേടിയിരിക്കുന്നു. രാജ്യത്ത് ആദ്യമായാണ് സെമി കണ്ടക്ടർ മേഖലയിലെ ഒരു സ്റ്റാർട്ടപ്പ് സംരംഭം ഇത്രയും വലിയ നിക്ഷേപം നേടുന്നത്. 'നേത്രാസെമി"യുടെ സ്ഥാപകനും സി.ഇ.ഒയുമായ ജ്യോതിസ് ഇന്ദിരാഭായി രാജ്യത്തിന് അഭിമാനമായ നേട്ടത്തെക്കുറിച്ച് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?​ 107 കോടിയുടെ ഫണ്ടിംഗിനെ കുറിച്ച്...

സോഹോ കോർപ്പറേഷനും യുണികോൺ ഇന്ത്യ വെൻച്വേഴ്സും ചേർന്നാണ് 107 കോടി ഫണ്ട് ചെയ്തത്. സെമി കണ്ടക്ടർ മേഖലയിൽ ഇതുവരെയുള്ള ആകെ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് തന്നെ 300 കോടിയാണ്. ഈ സാഹചര്യത്തിൽ വലിയൊരു നേട്ടമാണിത്. കേന്ദ്ര ഇലക്ട്രോണിക്സ്- ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മന്ത്രി ഡോ. ആർ. ബിന്ദു ഉൾപ്പെടെയുള്ളവ‌ർ ഈ നേട്ടത്തെ അഭിനന്ദിച്ചു. സെമി കണ്ടക്ടറും ഡീപ്ടെക്കും ചേർന്ന ഒരു ആഗോള കേന്ദ്രമാകാനുള്ള കേരളത്തിന്റെ സാദ്ധ്യതകളെയാണ് ഈ നേട്ടം ഉറപ്പിക്കുന്നതെന്നാണ് മന്ത്രി ആർ. ബിന്ദു പറഞ്ഞത്.

?​ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ലഭിക്കാൻ പല ഘട്ടങ്ങളുണ്ടോ.

തീർച്ചയായും. ഡീപ്ടെക്ക്, എ.ഐ, റോബോട്ടിക്സ് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് വരുമാനം ലഭിക്കാൻ കുറച്ച് കാലതാമസമുണ്ടാകും. പത്തുവർഷത്തോളം ആർ ആൻഡ് ഡി (റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) ചെയ്താലാവും ഉത്പന്നം പുറത്തിറക്കാനാവുന്നത്. വിദേശരാജ്യങ്ങളിലെ ടെക്ക് ഭീമന്മാരോടാണ് മത്സരിക്കേണ്ടത്. സർവീസ് ബിസിനസിൽ നിന്ന് വ്യത്യസ്തമായി ഇതിന് വലിയ നിക്ഷേപം ആവശ്യമുണ്ട്. നിക്ഷേപകരിൽ നിന്ന് എയ്ഞ്ചൽ ഫണ്ടിംഗ് എടുക്കുന്നതാണ് ആദ്യഘട്ടം. കുറച്ചുനാൾ കഴിഞ്ഞ് വളർച്ച തുടങ്ങുമ്പോൾ ഒരു സീഡ് ഫണ്ടിംഗ് സ്വീകരിക്കും. കമ്പനി നിർമ്മാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സീരീസ് എ ഫണ്ടിംഗ് എടുക്കുന്നത്. അതിന് വലിയ തുക വേണ്ടിവരും. അതാണ് ഇപ്പോൾ റെയ്സ് ചെയ്തത്. സീഡ് റൗണ്ടിൽ ഞങ്ങൾക്ക് 18 കോടി ലഭിച്ചിരുന്നു.

?​ സ്റ്റാർട്ടപ്പിന്റെ തുടക്കം.

1995-ൽ സി.ഇ.ടിയിൽ (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) നിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പഠിച്ചിറങ്ങിക്കഴിഞ്ഞ് സി- ഡാക്കിൽ (അന്നത്തെ ഇ.ആർ ആൻഡ് ഡി.സി.ഐ) പ്രവർത്തിച്ചു. രണ്ടുവർഷത്തോളം ജപ്പാനിലെ ഹിറ്രാച്ചിയിൽ പ്രവർത്തിച്ചു. എന്നാൽ, വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പൊഖ്റാൻ ആണവ പരീക്ഷണത്തെ തുടർന്ന് ഇന്ത്യയ്ക്കെതിരെ ജപ്പാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ജോലി നഷ്ടമായി. 1999-ൽ ജപ്പാൻ വിട്ട് യു.എസിലേക്കു പോയി. ലോകത്തെ ആദ്യ ബ്ലൂടൂത്ത് സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ബ്ലൂടൂത്ത് ടെക്നോളജിയിൽ നിരവധി യു.എസ് പേറ്റന്റുകളും ലഭിച്ചു.

പിന്നീട് ഇന്റലിൽ ജോലി ചെയ്തിരുന്ന കാലത്താണ് സ്വദേശമായ തിരുവനന്തപുരത്ത് എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടായത്. 2020-ൽ സി.ഇ.ടിയിലെ സഹപാഠിയായിരുന്ന ശ്രീജിത് വർമ്മയുമായി ചേർന്ന് 'നേത്രാസെമി" തുടങ്ങി. എന്റെ ഭാര്യ ദീപാ ഗീതയും പങ്കാളിയായി. വീട്ടിലെ ഒരു മുറിയിലായിരുന്നു തുടക്കം. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ ശ്രീകാര്യത്തെ ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (ട്രസ്റ്റ്)​ റിസർച്ച് പാർക്കിലാണ് പ്രവ‌ർത്തനം.

?​ സെമി കണ്ടക്ടർ മേഖല അറിയപ്പെടാത്ത കാലത്താണല്ലോ സ്റ്റാർട്ടപ്പിന്റെ തുടക്കം.

ഒരേസമയം അത് അവസരവും വെല്ലുവിളിയുമായി. പെട്ടെന്ന് ലാഭം കിട്ടുന്ന സംരംഭങ്ങളിലായിരുന്നു എല്ലാവർക്കും താത്പര്യം. ജീവനക്കാർക്ക് ഉൾപ്പെടെ ഈ മനോഭാവമുണ്ടായിരുന്നു. സെമി കണ്ടക്ടർ നൈപുണ്യമുള്ളവർ തലസ്ഥാനത്ത് വിരളമായിരുന്നു. അതിനാൽ സി.ഇ.ടിയിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി. 'മനുഷ്യരിൽ നിക്ഷേപിക്കുക" എന്ന ആശയം വിജയമായി. ദേശീയതലത്തിൽ സെമി കണ്ടക്ടറുകളുടെ ആവശ്യകത വർദ്ധിച്ച സമയമായിരുന്നു അത്. അങ്ങനെയൊരു അവസരം മുന്നിൽക്കണ്ടല്ല സ്റ്റാർട്ടപ്പ് തുടങ്ങിയത്. കേന്ദ്രത്തിന്റെ ഡി.എൽ.ഐ (ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയിൽ ഉൾപ്പെട്ട ആദ്യ നാല് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ഞങ്ങൾ. സി 2എസ് (ചിപ്പ് ടു സ്റ്റാർട്ടപ്പ്) സ്കീമിന്റെയും അംഗീകാരം നേടി. ഇതു രണ്ടും വളർച്ചയ്ക്ക് കാരണമായി.

?​ നിക്ഷേപം ഉയർത്താൻ സ്വീകരിച്ച മാർഗങ്ങൾ.

ഒന്നിലധികം നിക്ഷേപകരെ കണ്ട് ആശയം അവതരിപ്പിച്ചു. 'ഡീപ്ടെക്ക് ആർ ആൻഡ് ഡി" മേഖലയിൽ താത്പര്യമുള്ള കമ്പനിയാണ് സോഹോ. കൊട്ടാരക്കരയിലും അവർക്ക് ആർ ആൻഡി സെന്ററുണ്ട്. യുണികോൺ വെൻച്വേഴ്സ് മുൻപും 'നേത്രാസെമി"യിൽ 10 കോടി നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. സാധാരണ ഒരു കമ്പനി രണ്ടാമതും നിക്ഷേപിക്കാറില്ല. 'നേത്രാസെമി"യിലുള്ള വിശ്വാസം കൊണ്ടാകാം അവർ വീണ്ടും പങ്കെടുത്തത്.

?​ വിദ്യാർത്ഥികൾക്ക് അവസരം.

ഇലക്ട്രോണിക്സ് പഠിച്ചിറങ്ങുന്നവർക്ക് ചിപ് ഡിസൈനിംഗ്, ആർ ആൻഡ് ഡി എന്നിവയിൽ കേരളത്തിൽ വലിയ അവസരമുണ്ട്. പുറത്ത് വലിയ കമ്പനികളിൽ പോയാൽ വലിയൊരു പ്രോജക്ടിന്റെ ചെറിയൊരു ഭാഗമായിരിക്കും അവർക്ക് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, 'നേത്രാസെമി"യിൽ പ്രധാനപ്പെട്ട ഡിസൈൻ പ്രക്രിയയിൽ തന്നെ ഭാഗമാകാം.

?​ ഉത്പന്നങ്ങളെക്കുറിച്ച്...

എഡ്ജ് എ.ഐ കംപ്യൂട്ടിംഗ് രംഗത്ത് പുത്തൻ രീതികൾ കൊണ്ടുവന്നിട്ടുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന, ഡൊമെയിൻ സ്പെസിഫിക് സിസ്റ്റം ഓൺ ചിപ്പ്, നേത്ര എ 2000, ആർ1000 പോലുള്ള ഉത്പന്നങ്ങൾ റോബോട്ടിക്സ്, ഓട്ടോണമസ് സിസ്റ്റംസ്, സർവയ്ലൻസ്, സ്മാർട്ട് ഐ.ഒ.ടി ഉപകരണങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പേറ്റന്റ് നേടിയ ഹെറ്ററോജീനിയസ് പാരലൽ പ്രോസസിംഗ് ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഓൺചിപ്സ് ഇപ്പോൾ നൂറിലധികം എ.ഐ ആപ്ലിക്കേഷനുകൾ പിന്തുണയ്ക്കുന്നുണ്ട്. ഹൈ- പെർഫോമൻസ് ചിപ്പ് ആർ ആൻഡ് ഡി ഘട്ടത്തിലാണ്.

?​ സെമി കണ്ടക്ടർ മേഖലയുടെ ഭാവി.

സെമി കണ്ടക്ടർ ഇല്ലാതെ ഒരു ഉത്പന്നവും വികസിപ്പിക്കാൻ പറ്റില്ല. ഫാൻ കറങ്ങണമെങ്കിൽപ്പോലും ചിപ്പ് വേണമല്ലോ. റോബോട്ടുകൾ, ഇന്റലിജൻസ് സിസി ടിവി ഉൾപ്പെടെ എ.ഐ ആവശ്യമുള്ള എല്ലാ ഉത്പന്നങ്ങൾക്കും ചിപ്പ് വേണം. ഇന്ത്യയിൽ നൂറുശതമാനം ചിപ്പുകളും 90 ശതമാനം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നവയാണ്. ഒരു എ.ഐ ക്യാമറ ഉണ്ടാക്കാനുള്ള മുന്തിയ ചിപ്പുകൾ യു.എസും തായ്‌വാനും ചൈനയുമൊക്കെ നമുക്ക് തരണമെന്നില്ല. ലോകത്തോട് പിടിച്ചുനിൽക്കാൻ ഇന്ത്യ സ്വയം സെമിക്കോൺ ഹബ്ബാകണം.

?​ പുതിയ സംരംഭകരോട്.

പെട്ടെന്നു കിട്ടുന്ന പണത്തിനു പിന്നാലെ പോകരുത്. അതിൽ മത്സരവും കൂടുതലായിരിക്കും. മൂന്നു മാസംകൊണ്ട് നിങ്ങൾക്ക് ഒരു പ്രോഡക്ട് വികസിപ്പിക്കാനാവുമെങ്കിൽ എതിരാളിക്കും അത് ചെയ്യാൻ പറ്റും. അതിനാൽ സമയമെടുത്ത് ആർ ആൻഡ് ഡിയിൽ നിക്ഷേപിക്കുക. ഉയർന്ന മനുഷ്യ മൂലധനമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉണ്ടാകണമെന്ന് സർക്കാരും തീരുമാനിക്കണം. ഐ.ടി മിഷനെന്ന പോലെ തിരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നങ്ങൾക്കായി ഒരു പ്രോഡക്ട് മിഷൻ വിഭാവനം ചെയ്യണം.