എ. നിസാമുദ്ദീൻ ഐ.എ.എസ്
തൊഴിലുറപ്പ് മിഷൻ ഡയറക്ടർ
സമാനതകളില്ലാത്ത മുന്നേറ്റമാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത്. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നതിലും ഇരട്ടിയോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് കേരളം പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയാണ്. ഇതോടൊപ്പം പ്രാദേശിക വികസനത്തിൽ തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുന്നിലാണ്. തൊഴിലുറപ്പു പദ്ധതിക്ക് കേരളത്തിൽ ചുക്കാൻ പിടിക്കുന്ന മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? തൊഴിൽ ദിനങ്ങളിൽ നിലവിൽ കേരളത്തിന്റെ സ്ഥിതി.
2024-25 വർഷത്തേക്ക് 10.5 കോടി തൊഴിൽ ദിനങ്ങൾക്കുള്ള ലേബർ ബഡ്ജറ്റ് സംസ്ഥാനം സമർപ്പിച്ചെങ്കിലും ആറു കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. 9.07 കോടിയിലേക്ക് കേരളം എത്തി. ഇത്തവണ 11 കോടിക്കുള്ള ലേബർ ബഡ്ജറ്റ് നൽകിയെങ്കിലും അഞ്ചു കോടിയാണ് അനുവദിച്ചത്. നിലവിൽ 2.7 കോടി തൊഴിൽ ദിനങ്ങൾ ഇതിനകം പൂർത്തിയായി. ഈ വർഷം 11.5 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. സൃഷ്ടിച്ച തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായി സംസ്ഥാനത്തിന്റെ ലേബർ ബഡ്ജറ്റ് കേന്ദ്രം പുതുക്കി നൽകാത്തതിനാലാണ് വേതന വിതരണത്തിന് താമസം നേരിടുന്നത്.
തൊഴിലിനു വന്ന കുടുംബങ്ങൾക്ക് 100 ദിവസം നൽകുന്നതിൽ സംസ്ഥാനം ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്താണ്. 2024 - 25 സാമ്പത്തിക വർഷം ഒരു കുടുംബത്തിന് തൊഴിൽ നൽകിയതിന്റെ ദേശീയ ശരാശരി 50.24 ആണെങ്കിൽ സംസ്ഥാനത്ത് ഇത് 66.17 ആണ്. ശരാശരി തൊഴിൽ ദിനങ്ങളിൽ മിസോറം, ലഡാക്ക്, അരുണാചൽ പ്രദേശ് പോലുള്ള ചെറിയ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കേരളമാണ് മുന്നിൽ. എസ്.സി- എസ്.ടി വിഭാഗങ്ങൾക്ക് ശരാശരി തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്.
? ട്രൈബൽ പ്ലസിന്റെ പുരോഗതി...
2018- 19 മുതലാണ് സംസ്ഥാനം കേരള ട്രൈബൽ പ്ലസ് പദ്ധതി നടപ്പിലാക്കി വരുന്നത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്നതാണ് ഇത്. ഈ പദ്ധതി പ്രകാരം പട്ടികവർഗ കുടുംബങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുളള 100 തൊഴിൽദിനങ്ങൾക്കു പുറമേ 100 അധികദിനങ്ങൾ കൂടി നൽകും. രാജ്യത്ത് ആദ്യമായി പട്ടികവർഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്ന പദ്ധതി നടപ്പാക്കിയത് കേരളമാണ്.
? പ്രാദേശിക വികസനത്തിൽ തൊഴിലുറപ്പിന്റെ ഇടപെടൽ.
മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ പ്രകൃതി വിഭവ സംരക്ഷണത്തോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിലുറപ്പ് പദ്ധതിക്ക് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. പരിസ്ഥിതി സംരക്ഷണം, കൃഷി, മണ്ണ്- ജല സംരക്ഷണം തുടങ്ങിയ മേഖലകൾക്കപ്പുറത്ത് ഗ്രാമീണ ചന്ത, വർക്ക് ഷെഡുകൾ, അങ്കണവാടി, കളിസ്ഥലം, ഗ്രാമീണ റോഡുകൾ എന്നിവ മികച്ച രീതിയൽ ചെയ്യാം. അങ്കണവാടികൾക്ക് എട്ടു ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിലുണ്ട്. രണ്ടു ലക്ഷം രൂപ വനിതാ- ശിശു വികസന വകുപ്പ് നൽകും. ബാക്കി വിഹിതം തദ്ദേശസ്ഥാപനങ്ങൾ വഹിച്ചാൽ മികച്ച അങ്കണവാടികൾ തന്നെ പണിയാം. നിലവിൽ 535 അങ്കണവാടികൾ ഇത്തരത്തിൽ പണിതു.
പാലക്കാട് തൃത്താല മണ്ഡലത്തിലും, തിരുവനന്തപുരത്ത് കാട്ടാക്കട മണ്ഡലത്തിലും തൊഴിലുറപ്പ് പദ്ധതിയെ കാര്യക്ഷമമായി വിനിയോഗിച്ച് മികച്ച നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ പരിസ്ഥിതി മേഖലയിലുൾപ്പെടെ ഉണ്ടായ മാറ്റം വിലയിരുത്തിയാൽ അത് മനസിലാകും. നീർത്തടാധിഷ്ഠിത ആസൂത്രണത്തിലൂടെ ഭൂഗർഭ ജലലഭ്യത വർദ്ധിപ്പിച്ച് ജലസമൃദ്ധമായ കാട്ടാക്കടയും, സുസ്ഥിര തൃത്താലയും സാദ്ധ്യമാക്കിയത് കേരളത്തിനാകെ മാതൃകയാണ്. ഇത് സംസ്ഥാനമാകെ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'നമ്മുടെ ഗ്രാമ"മെന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
? ദുരന്തമുഖത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ...
വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിനെയാകെ ദുരന്തബാധിത പ്രദേശമായിക്കണ്ട് പ്രത്യേക പദ്ധതി നടപ്പാക്കി. ദുരന്തബാധിത മേഖല എന്ന നിലയിൽ അധികമായി 50 തൊഴിൽ ദിനങ്ങൾ കൂടി ലഭ്യമാക്കാനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാക്കി. സംസ്ഥാന തലത്തിൽ നൽകാൻ കഴിയുന്ന ഇളവുകൾ മേപ്പാടി ഗ്രാമ പഞ്ചായത്തിന് പ്രത്യേകമായി നൽകി. ഇതിലൂടെ 561 കുടുംബങ്ങൾക്ക് 12,681 തൊഴിൽദിനങ്ങൾ ലഭ്യമാക്കാനും, ഇതിലൂടെ 44.5 ലക്ഷം രൂപ വേതന ഇനത്തിൽ നല്കാനും കഴിഞ്ഞു.
38 കോടി രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ദുരന്ത മേഖലയിൽ 297പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനിച്ചത്. 236 ചെറിയ റോഡ്, 31 ഡ്രെയിനേജ്, 22 കൾവേർട്ട്, നാല് അങ്കണവാടി, മൂന്ന് സൈക്ലോൺ ഷെൽട്ടർ, ഒരു ക്രിമറ്റോറിയം.... ഇങ്ങനെയായിരുന്നു പദ്ധതികൾ. എല്ലാ പദ്ധതിക്കും സാമ്പത്തിക അനുമതിയും ടെൻഡറും പൂർത്തിയാക്കി. 158 പദ്ധതികളുടെ പണി പൂർത്തിയാക്കിയിട്ടുണ്ട്.
? തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടോ.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി, അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും മറ്റും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളായ ഗംബൂട്ട്, കൈയുറ എന്നിവ നൽകേണ്ടത് അതത് ഗ്രാമപഞ്ചായത്തിന്റെ ചുമതലയാണ്. ഇതിനുള്ള തുക ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നോ, സംസ്ഥാന മിഷന്റെ മുൻകൂർ അനുമതിയോടെ പദ്ധതിയുടെ ഭരണച്ചെലവിൽ നിന്നോ ചെലവഴിക്കാനും സർക്കാർ അനുമതിയുണ്ട്.
തൊഴിലാളികൾക്ക് പ്രവൃത്തിയുടെ ഭാഗമായി ഉണ്ടാകുന്ന അപകടത്തെത്തുടർന്ന് മരണമോ, സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിൽ സഹായം നൽകേണ്ടതു സംബന്ധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പട്ടിക- രണ്ടിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രവൃത്തി സമയത്ത് മൃഗങ്ങൾ, ജീവികൾ, പ്രാണികൾ എന്നിവ മൂലം അപകടങ്ങളോ, തുടർന്ന് മരണമോ ഉണ്ടാകുന്ന സാഹചര്യത്തിൽ നല്കേണ്ട ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അപകട മരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ അവകാശികൾക്ക് എക്‌സ്ഗ്രേഷ്യ ഇനത്തിൽ 75,000 രൂപ നൽകുന്നു. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ആനുവൽ മാസ്റ്റർ സർക്കുലർ പ്രകാരം തൊഴിൽ വേളയിൽ മരണം, സ്ഥായിയായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നെങ്കിൽ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന പ്രകാരമുള്ള രണ്ടു ലക്ഷം രൂപ നല്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് എക്‌സ്ഗ്രേഷ്യ രണ്ടു ലക്ഷമായി ഉയർത്തുകയും, അതിന് 2022 ജൂൺ മുതൽ മുൻകാല പ്രബല്യം നല്കുകയും ചെയ്തു. തൊഴിലിൽ ഏർപ്പെട്ടയാളോടൊപ്പം പ്രവൃത്തി സ്ഥലത്ത് വരുന്ന കുട്ടികൾക്ക് മരണമോ സ്ഥായിയായ അംഗവൈകല്യമോ ഉണ്ടാകുന്ന പക്ഷം 37,500 രൂപ നൽകുന്നതിനും വ്യവസ്ഥയുണ്ട്.
? തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ്.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപികരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി (2023) പ്രകാരം പെൻഷൻ, കുടുംബ പെൻഷൻ, ചികിത്സാ സഹായം, വിവാഹ ധനസഹായം എന്നിവ ഉറപ്പു നല്കുന്നു. കൂടാതെ നിധിയിലെ ഒരു അംഗം രോഗം മൂലമോ അപകടം മൂലമോ മരണമടഞ്ഞാൽ ആദ്യ മൂന്നു വർഷത്തെ അംഗത്വ കാലയളവിനുള്ളിൽ 5000 രൂപയും, പിന്നീടുള്ള ഓരോ വർഷത്തെ അംഗത്വ കാലയളവിനും ആയിരം രൂപ വീതവും, രണ്ടും കൂടി പരമാവധി 20,000 രൂപ കുടുംബത്തിന് സഹായം ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ ചികിത്സാ സഹായമായി പരമാവധി 10,000 രൂപ ക്ഷേമനിധിയിൽ നിന്ന് നല്കുകയും ചെയ്യും.