പൂവാർ: അപകടങ്ങൾ പതിവായതോടെ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയിൽ സിഗ്നൽ സിസ്റ്റം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാഷണൽ ഹൈവേ അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിലുൾപ്പെട്ടതാണ് പുറുത്തിവിള മേജർ സിഗ്നൽ ജംഗ്ഷൻ. അന്ന് എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികൾ നാഷണൽ ഹൈവേ അതോറിട്ടിയുടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെതുടർന്ന് പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പും നൽകിയിരുന്നു. എന്നാൽ ഒരു സിഗ്നൽ ലൈറ്റ് മാത്രം സ്ഥാപിക്കാനാണ് ഹൈവേ അതോറിട്ടിയുടെ നീക്കമെന്നാണ് അറിയുന്നത്.

നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. സമാന്തര റോഡുകളിൽ നിന്നും ബൈപ്പാസിലേക്കുള്ള കവാടങ്ങൾ പരമാവധി അടച്ചും,സർവ്വീസ് റോഡുകൾ പലയിടങ്ങളിലും മുറിച്ചും പ്രദേശവാസികളെ ബൈപ്പാസ് റോഡിൽ നിന്നും അകറ്റുകയാണ്.

വലഞ്ഞ് പ്രദേശവാസികൾ

ബൈപ്പാസിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. പുറുത്തിവിളയിൽ ഫ്ളൈ ഓവർ നിർമ്മിക്കുകയായിരുന്നു ആദ്യ പദ്ധതി. ഇതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നതോടെ സിഗ്നൽ ജംഗ്ഷൻ നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു സിഗ്നൽ, ആശങ്ക

കോവളം കാരോട് കോൺക്രീറ്റ് റോഡ് പൂർത്തിയായതോടെ 43 കിലോമീറ്റർ വരുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസ് പൂർണ്ണമായും തുറക്കപ്പെട്ടു. കന്യാകുമാരി എക്സ്പ്രസ് ഹൈവേയുമായും ടൂറിസം പ്രധാനമായ കന്യാകുമാരിയുമായും തലസ്ഥാനം ബന്ധിപ്പിക്കപ്പെട്ടു. കാരോട് നിന്നും തമിഴ്നാട്ടിലെ ചുങ്കാൻകടയിലേക്കാണ് ഈ റോഡ് കടന്നു പോകുന്നത്. ദേശീയപാതയുടെ ഭാഗമായി തോവാള വരെ പോകുന്ന റോഡ് കന്യാകുമാരി, തിരുനെൽവേലി ഭാഗങ്ങളിലായി രണ്ടായി പിരിയും. ഇവിടെയുള്ള റോഡുകളുടെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കഴക്കൂട്ടം കാരോട് ബൈപ്പാസ് റോഡിൽ തിരക്കേറും. അന്നേരം ഒരു സിഗ്നൽ മാത്രമുള്ള പുറുത്തിവിളയിൽ പഴയകട-കാഞ്ഞിരംകുളം റോഡിലൂടെ കടന്നുപോകാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമെന്നതാണ് നാട്ടുകാരുടെ ആശങ്ക.