നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നെയ്യാറ്റിൻകര: കൃഷ്ണൻകോവിലിനു സമീപം, നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ സ്വദേശാഭിമാനി പാർക്ക് വീണ്ടും പ്രകാശിക്കാൻ പോകുന്നു‌. സുസ്ഥിര നവീകരണ ശ്രമങ്ങൾക്കായി നഗരസഭയും ജനപ്രതിനിധികളും കൈകോർത്തതോടെ പാർക്ക് വീണ്ടും തുറക്കാനുള്ള ഒരുക്കത്തിലാണ്.

ഈ പാർക്കിൽ അടുത്തകാലത്ത് ഒരു കുട്ടിക്ക് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് കെ.എസ്.ഇ.ബി പാർക്കിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയും രക്ഷിതാക്കൾ കുട്ടികളുമായി അവിടെ പോകുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പാർക്കിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അർദ്ധകായ പ്രതിമയും, നെയ്യാറ്റിൻകര വെടിവെയ്പ്പിൽ രക്തസാക്ഷികളായ ധീരന്മാരുടെ സ്മൃതി മണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉല്ലാസം പകരുന്ന കളിസ്ഥലവും പുഞ്ചിരി സമ്മാനിക്കുന്ന പൂക്കളും വെള്ളച്ചാട്ട സജ്ജീകരണവും പാർക്കിന്റെ പ്രധാന ആകർഷണങ്ങളാണ്.

പാർക്കിന്റെ നവീകരണത്തിന്റെ ഭാഗമായി, വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബുവും, ആലുംമൂട് കൗൺസിലർ മഞ്ചത്തല സുരേഷും അറിയിച്ചു.

പരിപാലനക്കുറവും

വീഴ്ചകളും

കഴിഞ്ഞ കുറേ വർഷങ്ങളായി പാർക്കിന്റെ അവസ്ഥ മോശമാണ്. അലങ്കാര വിളക്കുകളുടെ നാശവും പാർക്കിൽ വേണ്ടത്ര പ്രകാശമില്ലാത്തതും പുൽത്തകിടികളുടെ നാശവും ജലമലിനീകരണവും സ്ഥിതിഗതികൾ താറുമാറാക്കി. മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുത ലൈനിൽ തട്ടി അപകടസാദ്ധ്യതയും വർദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയോ നഗരസഭയോ കാര്യമായ നടപടികളെടുത്തിട്ടില്ല.

പുതിയ ഉണർവ്,

വികസന പ്രതീക്ഷകൾ

പാർക്കിനെ കൂടുതൽ പ്രകാശമാനമാക്കാൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് കെ.ആൻസലൻ എം.എൽ.എയുടെ തീരുമാനം. ആലുംമൂട് പൗരാവലിയുടെ നേതൃത്വത്തിൽ മേയുന്ന പശുവിന്റെയും കന്നിന്റെയും ശില്പങ്ങൾ പുൽത്തകിടിയിൽ സ്ഥാപിക്കാൻ തീരുമാനമായി. കുട്ടികൾക്കായി കൂടുതൽ കളി ഉപകരണങ്ങൾ സ്ഥാപിക്കുക, സ്വദേശാഭിമാനിയുടെ വെങ്കല പ്രതിമ സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാർ മുന്നോട്ടുവച്ചു.