d

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി കുടുംബം

തിരുവനന്തപുരം: ഓണവും ജന്മദിനവും ആഘോഷിക്കാൻ കാത്തുനിൽക്കാതെ പ്രിയപ്പെട്ടവരെ തനിച്ചാക്കി ഗൗതം മടങ്ങിയതിന്റെ ഞെട്ടലിലാണ് 'ശ്രീശൈലം' വീട്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ, പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗറിലെ 'ശ്രീശൈലം' വീട്ടിൽ അഡ്വ.കെ.എസ്.സന്തോഷ്‌കുമാറിന്റെയും എൽ.കെ.ശ്രീകലയുടെയും(ഡെപ്യൂട്ടി ജനറൽ മാനേജർ,യൂണിയൻ ബാങ്ക്,ചെന്നൈ) മൂത്തമകൻ ഗൗതം സന്തോഷ് (27) മരിച്ചത്.

ഗൗതമിന്റെ കുട്ടിക്കാലം മുതലുള്ള മോഹമായിരുന്നു പൈലറ്റാവുകയെന്നത്. ബംഗളൂരുവിൽ പി.ഇ.എസ് ഐ.ടി കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് പ്രവേശിച്ചെങ്കിലും പൈലറ്റാവാനുള്ള മോഹത്താൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.

ആറുവർഷം മുൻപാണ് ഗൗതം ആദ്യമായി കാനഡയിലേക്ക് പോകുന്നത്. അവിടെ ആദ്യം പസിഫിക് പ്രഫഷണൽ ഫ്ലൈറ്റ് സെന്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരുമാസം മുൻപാണ് കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിൽ പ്രവേശിച്ചത്.

സഹോദരി ഗംഗയുടെ വിവാഹത്തിനായി രണ്ടുവർഷം മുൻപ് ഗൗതം നാട്ടിലെത്തിയിരുന്നു. കഴിഞ്ഞവർഷം സെപ്തംബറിലാണ് അവസാനമായി നാട്ടിലെത്തുന്നത്.സെപ്തംബർ 23നാണ് ഗൗതമിന്റെ ജന്മദിനം. ഓണത്തിനും ജന്മദിനാഘോഷത്തിനുമായി ഇക്കൊല്ലവും എത്താമെന്ന് ഉറപ്പുനൽകിയാണ് അന്ന് മടങ്ങിപ്പോയത്. എന്നാൽ വിധി മറിച്ചായി.

കാനഡയിലെ ഡിയർലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ പൈപ്പർ പിഎ 31 വിമാനമാണ് തകർന്നത്.എയർപോർട്ടിലേക്ക് പോകുന്നതിനു മുൻപും ഗൗതം വീട്ടുകാരുമായി സംസാരിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഗൗതം പുറപ്പെട്ട വിമാനം തകർന്ന് വീഴുകയായിരുന്നു. ബംഗ്ലാദേശുകാരനായ പൈലറ്റാണ് മരണവിവരമറിയിച്ചത്. ഒപ്പമുണ്ടായിരുന്ന കാനഡ സ്വദേശിയായ പൈലറ്റും അപകടത്തിൽ മരിച്ചു.ഗൗതം അവിവാഹിതനാണ്. സഹോദരി ഗംഗ ബംഗളൂരുവിൽ ഡോക്ടറാണ്.

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

നിലവിൽ കാനഡയിലെ സെന്റ് ജോൺസിലെ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗൗതമിന്റെ സഹോദരി ഗംഗ കേരളകൗമുദിയോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ,ശശി തരൂർ എം.പി,കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കും സഹായം അഭ്യർത്ഥിച്ച് മെയിൽ അയച്ചിട്ടുണ്ട്.

'ടൈം സോൺ വ്യത്യസ്തമായത് ആശയവിനിമയത്തിന് ചെറിയൊരു തടസമാണ്.എന്നാൽ കാനഡയിൽ നിന്നും എംബസിയിൽ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ട്..'ഗംഗ പറഞ്ഞു.