ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ആയുധധാരികളായ നാലംഗസംഘം ഡ്യൂട്ടി ഡോക്ടറെയും വനിത ജീവനക്കാരെയും ആക്രമിക്കുകയും മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകം. ആക്രമണത്തിൽ രണ്ട്ലക്ഷത്തോളം രൂപയാണ് നഷ്ടം വന്നത്. സ്ഥലത്തെത്തിയ പൊലീസ് ഓഫീസറെപ്പോലും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും 10 ദിവസത്തിനകം തിരുവനന്തപുരം ജില്ലയിൽ നടന്ന രണ്ടാമത്തെ ആശുപത്രി അക്രമണമാണ് വലിയകുന്ന് താലൂക്കാശുപത്രിയിലേതെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധനടപടി സ്വീകരിക്കുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി അറിയിച്ചു. ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം ചൂണ്ടിക്കാട്ടി പൊലീസിന് കത്ത് നൽകിയിട്ടുണ്ടെന്നും വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രീത സോമൻ പറഞ്ഞു.

സുരക്ഷാജീവനക്കാർ നാലുപേർ മാത്രം

ഒ.പിയിൽ ദിവസവും ശരാശരി 2500 രോഗികളെത്തുന്ന ആശുപത്രിയിൽ ആകെയുള്ളത് രണ്ട് വനിതകൾ അടക്കം നാല് താത്കാലിക സുരക്ഷാജീവനക്കാർ. ഇതിൽ രണ്ട് വനിതകളെ പകൽ സമയത്ത് വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും മറ്റു ജോലികൾക്കുമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ടുപേർ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഡ്യൂട്ടിക്കെത്തും. കൂടുതൽ കെട്ടിടങ്ങളും വാർഡുകളും വർദ്ധിച്ചതോടെ അതിനനുസരിച്ചുള്ള സുരക്ഷാസംവിധാനം ആശുപത്രിയിലില്ലെന്നാണ് ആക്ഷേപം. ആക്രമണം നടക്കുമ്പോൾ ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. ആശുപത്രിക്ക് ചുറ്റുമതിലുണ്ടെങ്കിലും പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്.

 തിരക്കേറും

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ചില കെട്ടിടങ്ങൾക്ക് ബലക്ഷയം കണ്ടെത്തിയതോടെ തിരക്ക് കുറയ്ക്കാൻ അവിടുത്തെ ഡയാലിസിസ് രോഗികളെ വലിയകുന്ന് ആശുപത്രിയിലേക്ക് അയയ്ക്കാനാണ് ധാരണ.

ജില്ല മെഡിക്കൽ ഓഫീസറും എം.എൽ.എയും പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തീരുമാനം നടപ്പാവുന്നതോടെ വലിയകുന്ന് ആശുപത്രിയിൽ തിരക്ക് ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ.