1

തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായി ഡോ. എ. രാജരാജൻ ഇന്നലെ ചുമതലയേറ്റു. നിലവിലെ ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ വിരമിച്ച ഒഴിവിലാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ (എസ്.ഡി.എസ്.സി-ഷാർ) ഡയറക്ടറായിരുന്നു രാജരാജൻ.

തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് സെന്റർ (ഐ.ഐ.എസ്.യു) ഡയറക്ടറായിരുന്ന ഇ.എസ്. പത്മകുമാറിനെ എസ്.ഡി.എസ്.സി ഷാർ ഡയറക്ടറായും വി.എസ്.എസ്.സി അസോഷ്യേറ്റ് ഡയറക്ടർ എൽ. സൗമ്യനാരായണനെ വട്ടിയൂർക്കാവ് ഐ.ഐ.എസ്.യു ഡയറക്ടറായും നിയമിച്ചു.

കോമ്പോസിറ്റ്സ് രംഗത്തെ വിദഗ്ദ്ധനായ തിരുവനന്തപുരം കരമന സ്വദേശിയായ രാജരാജൻ ഇൻസ്‌പേസ് ബോർഡ്,സ്‌പേസ് കൗൺസിൽ എന്നിവയിലും അംഗമാണ്. ചന്ദ്രയാൻ 3,ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ പരീക്ഷണ വിക്ഷേപണം (ടി.വി.ഡി1),ആദിത്യ എൽ1,എസ്.എസ്.എൽ.വി,വൺവെബ് ഇന്ത്യ1 ഉപഗ്രഹങ്ങളെ വഹിച്ചുള്ള എൽ.വി.എം3 എം2 വാണിജ്യ ദൗത്യം,രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് എന്നിവയുടെയെല്ലാം വിജയകരമായ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ചു. 2023 മുതൽ ഇന്ത്യൻ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഒഫ് മെറ്റീരിയൽസ് ആൻഡ് പ്രോസസ് എൻജിനിയറിംഗിന്റെ പ്രസിഡന്റാണ്. ഫിലിംബോയിലിംഗ് സി.വി.ഐ സാങ്കേതികവിദ്യയുടെ വികസനത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

തൃശൂർ മൂർക്കനിക്കര സ്വദേശിയായ ഇ.എസ്. പത്മകുമാർ ദീർഘകാലം വി.എസ്.എസ്.സിയിൽ പ്രവർത്തിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ വ്യോമമിത്ര റോബട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ചന്ദ്രയാൻ 3 ഉൾപ്പെടെ ദൗത്യങ്ങളിൽ നിർണായകമായ സെൻസറുകൾ നിർമ്മിച്ചത് ഐ.ഐ.എസ്.യുവിന്റെ നേതൃത്വത്തിലാണ്.

തമിഴ്നാട് സ്വദേശിയായ എൽ. സൗമ്യനാരായണൻ ദീർഘകാലമായി വി.എസ്.എസ്.സിയിൽ വിവിധ പദ്ധതികളുടെ നേതൃത്വപരമായ ചുമതലകൾ നിർവഹിക്കുകയാണ്.