നെടുമങ്ങാട്: താലൂക്കിലെ ആദിവാസി മേഖലകളിലെ യുവതീയുവാക്കളെ ലഹരി ഉപഭോഗത്തിൽ നിന്ന് കരകയറ്റാനുള്ള എക്‌സൈസിന്റെ പരിശ്രമങ്ങൾ വിജയത്തിലേക്ക്. 26 ആഴ്ച നീണ്ടു നിൽക്കുന്ന "തൊഴിലാണ് എന്റെ ലഹരി" എന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിയിലൂടെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സർക്കാർ സർവീസിൽ പ്രവേശിച്ചത് അഞ്ചുപേർ. എട്ടുവർഷം മുമ്പ് ഞാറനീലി ആദിവാസി കുറുപ്പൻകാലയിൽ ഒരു പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് തുടക്കംകുറിച്ച കർമ്മപദ്ധതിയാണ് ഫലപ്രാപ്തിയിലെത്തുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ സർവേയിൽ യുവതീയുവാക്കളുടെ ആത്മഹത്യാപരമ്പര വെളിച്ചത്തുവന്നു. അമിത മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് യുവജനങ്ങളെ ആത്മഹത്യയിൽ എത്തിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് 'പഠനലഹരി" എന്ന ആശയം മുന്നോട്ടുവച്ചത്. നെടുമങ്ങാട് മുൻ എക്സൈസ് സർക്കിൾ ഇൻപെക്ടറും ഇപ്പോഴത്തെ ഡെപ്യൂട്ടി കമ്മിഷണറുമായ പി.എൽ.ഷിബു, അസി.എക്സൈസ് ഇൻസ്പെക്ടർ വി.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൂതന ആശയം.

അഭ്യസ്തവിദ്യരായ നിരവധി യുവതീയുവാക്കൾ പി.എസ്.സി രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആദിവാസി ഊരുകളിൽ സൗജന്യ പി.എസ്.സി ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തി. 2018 ഒക്ടോബറിൽ ഞാറനീലി ഇലഞ്ചിയത്ത് ഒരു കെട്ടിടം വാടകക്കെടുത്ത് സൗജന്യ പരിശീലന ക്ലാസുകളാരംഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ അദ്ധ്യാപകരായി.

വിജയം മുന്നിൽ

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പി.എസ്.സി കോച്ചിംഗ് സെന്റർ 40,000 രൂപ വിലവരുന്ന റാങ്ക് ഫയലുകൾ സംഭാവന നൽകി. 137 യുവതീയുവാക്കൾ പഠിതാക്കളായെത്തി. ഇവരിൽ അഞ്ചു പേരാണ് ഇപ്പോൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. പനയ്ക്കോട് കാരയ്ക്കൻതോട്, കോട്ടൂർ ഫോറസ്റ്റ് ഓഫീസ് ഹാൾ എന്നിവിടങ്ങളിലും സൗജന്യ പി.എസ്.സി പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എക്സൈസ് അധികൃതർ. പഠിതാക്കൾക്ക് 2,000 രൂപ വിലവരുന്ന റാങ്ക് ഫയലും ഉച്ചഭക്ഷണവും നൽകുന്നുണ്ട്.

വിജ്ഞാനലഹരി, കായിക ലഹരി

വിജ്ഞാനലഹരി, കായികലഹരി പദ്ധതികളും എക്സൈസ് നടപ്പിലാക്കുന്നുണ്ട്. ഞാറനീലിയിലെ ഇലഞ്ചിയം, പച്ചമലയിലെ വാളൻകുഴി, പനയ്ക്കോട് കാരയ്ക്കൻതോട് എന്നീ ട്രൈബൽ സെറ്റിൽമെന്റുകളിൽ ഗ്രന്ഥശാലകളും ആരംഭിച്ചു. അതതു ഗ്രാമപഞ്ചായത്തുകളും വനം-പട്ടികവർഗ ക്ഷേമ വകുപ്പുകളും പിന്തുണയ്ക്കുണ്ട്. ആറായിരത്തിലധികം പുസ്തകങ്ങളാണ് ഗ്രന്ഥശാലകൾക്കായി സമാഹരിച്ചത്. തനതു കായികാഭ്യാസങ്ങളിലേക്ക് യുവാക്കളെ തിരിച്ചുവിടുന്നതാണ് കായിക ലഹരി പദ്ധതി.

ചിത്രമായി ലഹരിമുക്ത ആശയങ്ങൾ

വിദ്യാലയങ്ങളിൽ ലഹരിമുക്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ വരച്ചും കുട്ടികളെ നേർവഴിക്ക് നയിക്കാൻ എക്സൈസ് ശ്രമം തുടങ്ങിയിട്ടുണ്ട്.വരയ്ക്കാൻ കഴിവുള്ളവരെ കണ്ടെത്തി അവർക്ക് എക്സൈസ് തന്നെ പ്രതിഫലം നല്കിയാണ് വരപ്പിക്കുന്നത്. ലഹരിക്കെതിരെ ഒരു മരം, എന്റെ ഭവനം ലഹരി രഹിതം തുടങ്ങിയ ക്യാമ്പയിനുകളിലും യുവതീയുവാക്കളെ അണിനിരത്തുന്നതിൽ വിജയിച്ചു.