7ന് മുഖ്യമന്ത്രി താക്കോൽദാനം നിർവഹിക്കും
തിരുവനന്തപുരം: കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം 7ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആന്റണി രാജു എം.എൽ.എ അറിയിച്ചു.മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, ജി.ആർ.അനിൽ,ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. ഫ്ലാറ്റ് അനുവദിച്ച കുടുംബങ്ങൾക്ക് കളക്ടറേറ്റിൽ നറുക്കെടുപ്പിലൂടെ വീട്ടുനമ്പരുകൾ ആന്റണി രാജു കൈമാറി. 81 കോടി ചെലവിൽ 400 ഫ്ലാറ്റുകളാണ് ഫിഷറീസ് വകുപ്പ് നിർമ്മിക്കുന്നത്. 332 ഫ്ലാറ്റുകളാണ് കുടുംബങ്ങൾക്ക് നൽകുന്നത്. ശേഷിക്കുന്ന 68 ഫ്ലാറ്റുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം പൂർത്തിയാക്കി കൈമാറും.മുട്ടത്തറയിൽ ക്ഷീരവികസനവകുപ്പ് നൽകിയ 8 ഏക്കറിൽ നിർമ്മിച്ച ഓരോ ഫ്ലാറ്റിനും 578 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. 2 നിലകളിലായി 8 യൂണിറ്റുകൾ വീതമുളള 50 കെട്ടിടങ്ങളിലാണ് ഫ്ലാറ്റുകൾ. തീരദേശത്ത് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ മത്സ്യതൊഴിലാളികളെയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതി പ്രകാരമാണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.