urology

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ കമ്പനികളിൽ നിന്ന് കമ്മിഷൻ വാങ്ങാൻ ശസ്ത്രക്രിയ ഉപകരണം നിരന്തരം കേടാക്കും. ഡോക്ടറുടെ അഭാവത്തിൽ അറ്റൻഡർ മൂത്രാശയ കല്ല് പൊടിക്കുന്ന ശസ്ത്രക്രിയ നടത്തും. മുമ്പ് ഇവിടെ നടന്നിരുന്ന ഈ കൊള്ളരുതായ്മ ഒരുവിധം അവസാനിപ്പിച്ചത് രണ്ടുകൊല്ലം മുമ്പ് ഡോ. ഹാരിസ് ചിറയ്ക്കൽ വകുപ്പു മേധാവിയായിചുമതലയേറ്റശേഷം.

ഡോ.ഹാരിസിനെ പ്രതിക്കൂട്ടിലാക്കാൻ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ചർച്ചയാകുന്നത്. ഉന്നത പിടിപാടിൽ സംഭവങ്ങൾ പലരും തേഞ്ഞുമാഞ്ഞുപോയി.

അറ്റൻഡർ മുതൽ ചില ഡോക്ടർമാർവരെ ഉപകരണം കേടാക്കുന്ന സംഘത്തിലുണ്ടായിരുന്നു. കേരളകൗമുദി ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂത്രാശയ കല്ല് പൊടിക്കാനുള്ള 'ഓസിലോസ്കോപ്പ്' ഉപകരണം കേടാക്കുന്ന വിരുതൻമാർ പലവട്ടം പിടിയിലായെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. കമ്പനിയിൽ നിന്ന് കമ്മിഷനടിക്കാൻ ഇതിന്റെ വയർ മുറിച്ചുമാറ്റുന്നതും പതിവായിരുന്നു.

2023ൽ ഈ ഉപകരണം ചില ഡോക്ടർമാർ കേടാക്കുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഡി.എം.ഇയ്ക്ക് കൈമാറി. റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.

'കല്ല്' പൊടിക്കും അറ്റൻഡർ

2019-2020കാലത്ത് യൂറോളജി വിഭാഗത്തിലെ ഒരു ഡോക്ടറുടെ വിശ്വസ്തനായി വകുപ്പിൽ വിലസിയിരുന്നത് ഒരു അറ്റൻഡർ. പലപ്പോഴും ഡോക്ടറുടെ അഭാവത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഇയാൾ രോഗികളുടെ മൂത്രാശയ കല്ല് പൊടിച്ചിരുന്നു. ‌ഡോക്ടർമാർക്കൊപ്പം നിന്ന് കണ്ടുപഠിച്ചതിന്റെ പിൻബലത്തിലായിരുന്നു ഇത്. പിഴവുണ്ടായാൽ ഡോക്ടർമാർ ഇടപെട്ട് പരിഹരിക്കും. സ്വകാര്യപ്രാക്ടീസിൽ തത്പരരായ ഡോക്ടർമാർക്കായി രോഗികളിൽ നിന്നും മരുന്ന് കമ്പനികളിൽ നിന്നും ഇയാൾ കാശ് വാങ്ങിയിരുന്നു. ഉപകരണം പതിവായി കേടാക്കുന്നതും ഇയാളാണെന്ന് മനസിലായതോടെ പുറത്താക്കി. എന്നാൽ, അന്വേഷണമോ തുടർനടപടികളോ ഉണ്ടായില്ല. ചില ഡോക്ടർമാർ ഉൾപ്പെടെ പ്രതിക്കൂട്ടിലാകുന്നത് തടയാനായിരുന്നു ഇത്.