as

മാതാ,​ പിതാ,​ ഗുരു ദൈവം എന്ന,​ ഒരിക്കലും മാറ്റുകുറയാത്ത ചൊല്ല് നമ്മുടെ സംസ്കാരത്തിന്റെ നട്ടെല്ലാണ്. ഇതിനെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും പ്രഥമസ്ഥാനം മാതാവിനാണ്. നാം അധിവസിക്കുന്ന ഭൂമിയെ ദേവിയായും അമ്മയായും കണ്ട് വണങ്ങുന്ന പാരമ്പര്യമാണ് ഭാരതീയർക്ക്. നമ്മുടെ പ്രധാന ദേവീക്ഷേത്രങ്ങളിലെ ചൈതന്യത്തെ വിശ്വാസികൾ മാതൃഭാവത്തിൽ ആരാധിക്കുന്നു. കൊല്ലൂരമ്മയും ആറ്റുകാലമ്മയും ചോറ്റാനിക്കര അമ്മയും മണ്ടയ്ക്കാട്ടമ്മയുമൊക്കെ അതിന്റെ ദൃഷ്ടാന്തങ്ങൾ തന്നെ. കുടുംബബന്ധങ്ങളിലും അമ്മയ്ക്കാണ് മുഖ്യസ്ഥാനം. കുടുംബ സങ്കല്പങ്ങളും ജീവിതശൈലികളും മാറിത്തുടങ്ങിയതോടെ അമ്മയുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും ഇളക്കം വന്നിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല.

കൊല്ലത്തെ ഒരു ജീവനാംശ കേസും അതിന്മേലുള്ള ഹൈക്കോടതി നിരീക്ഷണവും അതിനൊരു ഉദാഹരണമാണ്.

അമ്മയെ നോക്കാത്തവൻ മനുഷ്യനല്ല എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം അർത്ഥവത്താണ്. സമൂഹ മനസ്സാക്ഷിയുടെ ശബ്ദമാണ് അതിൽ മുഴങ്ങുന്നത്. നൂറുവയസായ അമ്മയ്ക്ക് മാസം രണ്ടായിരം രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മകൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് പ്രായമായ അമ്മയെ പരിപാലിക്കാത്തവൻ മനുഷ്യനല്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്. അമ്മയ്ക്ക് ജീവനാംശം നൽകാതെ കോടതി കയറ്റിയ മകന്റെ നടപടി ലജ്ജിപ്പിക്കുന്നുവെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. അമ്മയല്ല,​ ചേട്ടനാണ് ജീവനാംശക്കേസിനു പിന്നിലെന്ന് ഹർജിക്കാരനായ കൊല്ലം കിഴക്കനേല ആര്യഭവനിൽ ഉണ്ണിക്കൃഷ്ണപിള്ള വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

തന്റെ കൂടെ താമസിച്ചാൽ അമ്മയെ നോക്കാമെന്ന് ഹർജിക്കാരൻ പറഞ്ഞുനോക്കിയെങ്കിലും അമ്മയെ നോക്കുന്നത് ത്യാഗമല്ല എന്ന് കോടതി വ്യക്തമാക്കി. അത് മക്കളുടെ ചുമതലയാണ്. ആ ചുമതല നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ നാണക്കേടാണ്. മറ്റു മക്കളുണ്ടെന്നും അവരും ജീവനാംശം നൽകുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. ഇതിനോട് കോടതി യോജിച്ചില്ല. തുടർന്നാണ് അമ്മയെ പരിപാലിക്കാത്തവൻ മനുഷ്യനല്ലെന്ന് പറഞ്ഞത്. മാതാപിതാക്കൾക്ക് പ്രായമേറുമ്പോൾ താത്പര്യങ്ങളും പെരുമാറ്റവുമൊക്ക മാറാം. കുട്ടികളെപ്പോലെയാകാം. മക്കൾ കുട്ടിയായിരുന്നപ്പോൾ അമ്മമാർ കാണിച്ച ക്ഷമയും സഹനവും,​ മാതാപിതാക്കൾ പ്രായമാകുമ്പോൾ മക്കൾ കാണിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതി പരിഗണിച്ച കേസിൽ 92-ാം വയസിലാണ് അമ്മ ജീവനാംശം തേടി കുടുംബകോടതിയെ സമീപിച്ചത്. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. അമ്മയാണ് മക്കളുടെ വീട്. ഏതു പ്രായത്തിലും ഓരോരുത്തർക്കും അമ്മയെ ആവശ്യമുണ്ട്. ഇപ്പോൾ നൂറ് വയസായ അമ്മയ്ക്ക് ജീവനാംശം നൽകാതെ മകൻ കോടതിയിലെത്തിയതു കണ്ടിട്ട് ഇത്തരമൊരു സമൂഹത്തിന്റെ ഭാഗമാണല്ലോ താനും എന്നോർത്ത് നാണം തോന്നുന്നുവെന്നും ഉത്തരവിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞിട്ടുണ്ട്.

മക്കളാൽ അവഗണിക്കപ്പെട്ട് നിശബ്ദമായി കഴിയുന്ന ആയിരക്കണക്കിന് രക്ഷിതാക്കൾ സമൂഹത്തിലുണ്ട്. അവരുടെ വികാരമാണ് കോടതി പ്രകടിപ്പിച്ചത്. ഈ രീതിയിൽ ചിന്തിക്കുകയും വേദനിക്കുകയും ചെയ്യുന്നവർ നമുക്കു ചുറ്റുമുണ്ട്. അവരുടെ എണ്ണം തീരെ കുറവല്ലെന്ന് പത്രമാദ്ധ്യമങ്ങളിൽ വരുന്ന സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു. മനുഷ്യപ്പറ്റില്ലാത്ത മക്കളുടെ എണ്ണം ഇനിയും വർദ്ധിച്ചുകൂടാ. സകല ജീവജാലങ്ങളുടെയും ഉത്‌പത്തി അമ്മയിൽ നിന്നാണ്. സന്തതികളെ പോറ്റിവളർത്തുന്നതും അമ്മമാരാണ്. പ്രാണവായു പോലെയാണ് അമ്മയെന്ന് ഋഷിവര്യന്മാർ പറഞ്ഞിട്ടുണ്ട്. അത്തരം ധാർമ്മിക ബോധവും സ്നേഹചിന്തയും കുറഞ്ഞുവരുന്നതാണ് ഇതുപോലുള്ള സംഭവങ്ങൾക്ക് കാരണം. ഈ യാഥാർത്ഥ്യം തലമുറകളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല എല്ലാവർക്കുമുണ്ട്. ചെറിയ കാര്യങ്ങളിൽപ്പോലും ഇടപെടുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമുദായ സംഘടനകളും സാംസ്കാരിക സംഘടനകളും കോടതിയുടെ ഈ വാക്കുകൾ മുഖവിലയ്ക്കെടുക്കണം.