കൊവിഡ് കാലത്ത് എല്ലാവരും വീടുകൾക്കുള്ളലായെങ്കിലും ആരോഗ്യപ്രവർത്തകർ അപ്പോഴും തിരക്കിലായിരുന്നു. മഹാമാരിയുടെ പിടിയിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു, ഡോക്ടർമാരുൾപ്പെടെ എല്ലാവരും. പക്ഷേ, ഇതിനിടെയിൽ ഇംഗ്ലീഷ് സാഹിത്യ പരിഭാഷകനായി മാറിയ ഒരു ഡോക്ടറുണ്ട്- തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി ഡോ. അനൂപ് പ്രതാപൻ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അസി.സർജൻ.
ബെന്യാമിന്റെ 'നിശബ്ദ സഞ്ചാരങ്ങൾ" എന്ന നോവൽ പെൻഗ്വിൻ ബുക്ക്സിനു വേണ്ടി 'സൈലന്റ് ജേണീസ്" എന്ന പേരിൽ പരിഭാഷപ്പെടുത്തിയത് ഉൾപ്പെടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മൂന്ന് പുസ്തകങ്ങളും മൂന്ന് സിനിമയ്ക്ക് സബ് ടൈറ്റിലും പൂർത്തിയാക്കി, ഡോ. അനൂപ്. വായനയോട് താത്പര്യമുണ്ടായിരുന്ന ഡോക്ടറുടെ ജീവിതത്തിൽ വഴിത്തിരിവായത് കൊവിഡ് കാലത്തെ ക്വാറന്റൈൻ ആണ്.
2020-ൽ കൊവിഡ് കുതിച്ചുയർന്നപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അസി. സർജനായിരുന്ന ഡോ. അനൂപിന് കൊവിഡ് ഡ്യൂട്ടിയായി. ആശുപത്രി ഡ്യൂട്ടികൾക്കിടെ, കൊവിഡ് രോഗികളെ പാർപ്പിക്കുന്ന സി.എഫ്.എൽ.ടി.സിയായി അന്ന് പരിവർത്തനം ചെയ്യപ്പെട്ട ഐ.എം.ജി ഹോസ്റ്റലിന്റെ ചുമതല കൂടെ ഡോ. അനൂപിൽ നിക്ഷിപ്തമായി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ ക്വാറന്റൈൻ ആണ്. വീട്ടുകാരുമായി സമ്പർക്കം പാടില്ലാത്ത കാലം. പുറത്തുകൂടി വീടിന്റെ മുകളിലത്തെ നിലയിലേക്ക് ഭക്ഷണം വാതിലിനു പുറത്തെത്തും. ഇതിനിടെയാണ് ബെന്യാമിന്റെ 'ഇരട്ടമുഖമുള്ള നഗരം" എന്ന പുസ്തകം വായിച്ചത്. അതിൽ ആകൃഷ്ടനായ ഡോ. അനൂപിന് അതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കണമെന്നായി. ബുക്കിലുണ്ടായിരുന്ന ബെന്യാമിന്റെ ഇ- മെയിൽ വിലാസത്തിലേക്ക് മെയിൽ അയച്ചു. വായനക്കാരന്റെ നല്ല വാക്കുകൾക്കൊപ്പം, ഇംഗ്ലീഷ് പതിപ്പ് എവിടെ കിട്ടുമെന്ന അന്വേഷണം കൂടിയായിരുന്നു അത്.
ഇംഗ്ലീഷ് പരിഭാഷ ലഭ്യമല്ലെന്ന് മറുപടി മെയിലും കിട്ടി. രണ്ടു ദിവസത്തിനു ശേഷം, മേശപ്പുറത്തിരിക്കുന്ന 'ഇരട്ടമുഖമുള്ള നഗര"ത്തെ കണ്ടപ്പോൾ എന്തുകൊണ്ട് തനിക്ക് ഇത് പരിഭാഷപ്പെടുത്തിക്കൂടാ എന്ന തോന്നലായി. ഇത് വിവർത്തനം ചെയ്‌തോട്ടെ എന്നു ചോദിച്ച് ഡോ. അനൂപ് ബെന്യാമിന് മെയിൽ അയച്ചു. 'തീർച്ചയായും, നമുക്ക് പബ്ലിഷറെയും കണ്ടുപിടിക്കാം" എന്ന മറുപടിയും അദ്ദേഹം മെയിലായി അയച്ചു. ഈ വാക്കുകൾ അനൂപിന് പ്രചോദനമായി. രണ്ടാഴ്ചക്കുള്ളിൽ 'ദ സിറ്റി വിത്ത് എ ഡ്യുവൽ ഫേസ്" എന്ന പേരിൽ ഇംഗ്ലീഷ് പരിഭാഷ തയ്യാർ. അതും ഇ- മെയിലായിത്തന്നെ ബെന്യാമിന് അയച്ചു. പരിഭാഷ ഇഷ്ടപ്പെട്ടതോടെ ഇരുവരും ഫോൺ വഴിയായി ആശയവിനിമയം. എന്നാൽ ഈ പുസ്തകത്തിന് പ്രസാധകനെ കിട്ടാൻ കാലതാമസമുണ്ടായി.
പരിഭാഷയുടെ വഴി തുറക്കുന്നു
ഇതിനിടെ, സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് ബാധിച്ചെത്തിയ വ്യക്തി ഡോ. അനൂപുമായി സംസാരിച്ചപ്പോൾ ഉള്ളിലുള്ള പരിഭാഷകനെക്കുറിച്ച് മനസിലാക്കി. അങ്ങനെ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ 'ഇന്ത്യ എന്റെ പ്രണയ വിസ്മയം" എന്ന പുസ്തകത്തിന് നടൻ മോഹൻലാൽ എഴുതിയ ആമുഖം പരിഭാഷപ്പെടുത്താൻ അവസരം ലഭിച്ചു. അത് മുതുകാടിൻെ ശ്രദ്ധയാകർഷിച്ചു. അങ്ങനെ അദ്ദേഹത്തിന്റ 'ഓർമ്മകളുടെ മാന്ത്രിക സ്പർശ"മെന്ന പുസ്തകം പരിഭാഷപ്പെടുത്താനുള്ള ദൗത്യം അനൂപിനെ ഏൽപ്പിച്ചു. ഒരുമാസത്തിനുള്ളിൽ 'മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്" എന്ന ഇംഗ്ലീഷ് പരിഭാഷ തയ്യാറായി. ഒലിവ് ബുക്ക്സ് ആയിരുന്നു പ്രസാധകർ. തുടർന്നാണ് ഡോ. അനൂപിന്റെ ആദ്യ വിവർത്തനമായ ബെന്യാമിന്റെ 'ഇരട്ടമുഖമുള്ള നഗര"ത്തിനും ഒലിവ് ബുക്സ് പ്രസാധകരായത്.
തൊട്ടടുത്ത വർഷമാണ് ബെന്ന്യാമിൻ തന്നെ തന്റെ പുതിയ നോവലായ 'നിശബ്ദ സഞ്ചാര"ങ്ങളുടെ പരിഭാഷകനായും ഡോ. അനൂപിനെ തിരഞ്ഞെടുത്തത്. ഇവ കൂടാതെ കാക്കിപ്പട, ആദച്ചായി, നിഗൂഢം എന്നീ മലയാള സിനിമകൾക്ക് അനൂപ് സബ്‌സൈറ്റിൽ ചെയ്തു. ഡോക്ടറെന്ന നിലയ്ക്കുള്ള ജോലിക്ക് തടസമില്ലാതെ വീട്ടിലുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് ഏഴു മണിവരെയാണ് ഡോ. അനൂപിന്റെ പരിഭാഷാ ദൗത്യം.
സാഹിത്യത്തെ സ്നേഹിക്കുന്ന വ്യത്യസ്തനായ ഡോക്ടറാണ് അനൂപെന്ന് നോവലിസ്റ്റ് ബെന്യാമിൻ പറയുന്നു.
തന്റെ മറ്റു പുസ്തകങ്ങളെല്ലാം പരിഭാഷപ്പെടുത്തിയത് സാഹിത്യമേഖയുമായി ബന്ധമുള്ളവരായിരുന്നു. അനൂപിന് അത്തരമൊരു പശ്ചാത്തലമില്ലെങ്കിലും സാഹിത്യത്തോടുള്ള സ്നേഹം പരിഭാഷയിലും പ്രകടമാണ്. ജോലിത്തിരക്കുകൾക്കിടയിലും വേഗത്തിൽ, സന്തോഷത്തോടെ അത് പൂർത്തിയാക്കുന്നു. 'നിശബ്ദ സഞ്ചാര"ങ്ങൾ എന്ന പുസ്തകം നഴ്സുമാരെക്കുറിച്ചുള്ളതാണ്. അതിനാൽ ഡോ. അനൂപിന് പരിചിതമായ സാഹചര്യങ്ങളുമാണ്. അതും മികച്ച രീതിയിൽ പരിഭാഷപ്പെടുത്താൻ അനൂപിന് സാധിച്ചെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.