government-medical-colleg

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ 'മോസിലേറ്റർ' എന്ന ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കാണാതായതിനെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂർവം ഉപകരണങ്ങൾ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ഒരു ഉപകരണം പോലും കാണാതായിട്ടില്ലെന്നും മോസിലേറ്റർ അടക്കം എല്ലാ ഉപകരണങ്ങളും വകുപ്പിൽ തന്നെയുണ്ടെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് വ്യക്തമാക്കി. കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ട്. വിദഗ്ദ്ധ സമിതി ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടില്ല. ഏത് അന്വേഷണവും നടത്താം.

വകുപ്പിൽ നിന്ന് ഉപകരണങ്ങൾ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്തിട്ടില്ല. പക്ഷേ, അത് ഉപയോഗിക്കാൻ പറ്റാത്തതിനാൽ മാറ്റിവച്ചിരിക്കുകയാണ്. അതിന്റെ ചിത്രങ്ങൾ പലതവണ കളക്ടർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. വകുപ്പ് മേധാവി എന്ന നിലയിൽ തനിക്ക് അക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ അങ്ങനെ ഉണ്ടാകാൻ വഴിയില്ല.

പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തതു കൊണ്ടാണ് 'മോസിലേറ്റർ' പ്രവർത്തിപ്പിക്കാത്തത്. നിലവിലെ അന്വേഷണം തന്നെ കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. അന്വേഷണവുമായി സഹകരിക്കും. കൂടുതൽ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് പറഞ്ഞു.