തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് 'സ്റ്റാർട്ട്, ആക്ഷൻ...' പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാപ്പടിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സിനിമ കോൺക്ലേവിന് തുടക്കം. ഉദ്ഘാടനത്തിനുശേഷം ചൂടുപിടിച്ച ചർച്ചകൾ. ഇതെല്ലാം ക്രോഡീകരിച്ച് മൂന്നു മാസത്തിനു ശേഷം സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടി നവ്യാനായരാണ് ക്ലാപ്പ് ബോർഡ് മുഖ്യമന്ത്രിക്ക് കൈമാറിയത്
കേരള ട്രാവൽ മാർട്ട് പോലെ രണ്ട് വർഷത്തിലൊരിക്കൽ കേരള ഫിലിം മാർട്ട് സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.
മന്ത്രിമാരായ വി.ശിവൻകുട്ടി, വീണാ ജോർജ്, സ്പീക്കർ എ.എൻ.ഷംസീർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ, കെ.മധുപാൽ, പ്രകാശ് മക്തും, ദിവ്യ എസ്.അയ്യർ, പദ്മപ്രിയ, പി.എസ്. പ്രിയദർശനൻ തുടങ്ങിയവർ പങ്കെടുത്തു. കോൺക്ലേവിന്റെ സമാപനം ഇന്ന് വൈകിട്ട് നാലിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
'ഈഗോ മാറ്റിവച്ച്
പ്രവർത്തിക്കണം'
ഈ വ്യവസായം നിലനിന്നാലേ തങ്ങളുള്ളൂ എന്ന ബോധത്തോടെ ഈഗോ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനായി എല്ലാവരും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകർ മറക്കരുത്. അതിഭീകര വയലൻസിന്റെ ദൃശ്യങ്ങൾ കുഞ്ഞുങ്ങളുടെ മനോഘടനയെ വികലമാക്കും. മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്കരിച്ച് അവതരിപ്പിക്കുന്നതും. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളിൽ നിന്നുമാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണം.