moothala-palam-gurumandir

കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ മൂതല പാലം - ഗുരുമന്ദിരം റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും നവീകരിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ഓയൂർ പകൽക്കുറിയെ ചടയമംഗലം,ഓയൂർ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. മഴ പെയ്തതോടെ റോഡിലെ ദുരിതം കൂടി.

ഒട്ടേറെ കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. പ്രധാന ടൂറിസം കേന്ദ്രങ്ങളായ ജടായു പാർക്ക്,വല്ലഭൻ കുന്നുപാറ എന്നിവിടങ്ങളിലേക്ക് പോകുന്ന ധാരാളം വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് തകർന്നതോടെ ഗതാഗതവും താറുമാറായി.

റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.തകർന്ന പാത വീതി കൂട്ടി ഗതാഗതയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.