കടയ്ക്കാവൂർ:അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നൽകാത്ത ഒരു ദിവസത്തെ ശമ്പളം, കാരണക്കാരായ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരിൽ നിന്ന് ഈടാക്കി തൊഴിലാളികൾക്ക് നൽകാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. വർക്ക് ഓർഡർ തെറ്റായി രേഖപ്പെടുത്തിയതിനാൽ 2025, ഏപ്രിൽ 19 ന് പതിനാലു വാർഡുകളിൽ ജോലി ചെയ്ത 220 തൊഴിലാളികളുടെ തൊഴിൽ നിറുത്തി, ശമ്പളം നൽകാതിരുന്നതാണ് നടപടിക്ക് കാരണം.2024-25 ൽ അവശേഷിച്ച ജോലി 2025-26 സ്പിൽ ഓവർ വർക്കുകളാക്കിയതുമൂലം 16 വർക്കുകൾ ഡ്യൂപ്ലിക്കേഷൻ വന്നതായി ജീവനക്കാരും വാദിച്ചു. തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം കാരണക്കാരായ ജീവനക്കാരിൽ നിന്ന് ഈടാക്കി തൊഴിലാളികൾക്ക് നൽകാൻ ചിറയിൻകീഴ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവരെ ഓംബുഡ്സ്മാൻ ചുമതലപ്പെടുത്തി. മുൻപും തൊഴിലുറപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പൊതുപ്രവർത്തകനായ ബ്രീസ് ലാൽ നൽകിയ പരാതിയിന്മേൽ ആണ് ഓംബുഡ്സ്മാന്റെ ഈ വ്യത്യസ്തമായ ഉത്തരവ്.