തിരുവനന്തപുരം: കാനഡയിൽ ചെറുവിമാനം തകർന്ന് അപകടത്തിൽ മരിച്ച പൂജപ്പുര സ്വദേശി ഗൗതം സന്തോഷിന്റെ (27)മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാൻ ശ്രമം. ശനിയും ഞായറും അവധി ദിവസങ്ങളായതിനാലാണ് വൈകുന്നതെന്ന് ഗൗതമിന്റെ സഹോദരി ഡോ. ഗംഗ കേരളകൗമുദിയോട് പറഞ്ഞു. എംബസിയിൽ നിന്നും കാനഡയിൽ നിന്നുമൊക്കെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നിലവിൽ സെന്റ്ജോൺസിലെ ഫ്യൂണറൽ ഹോമിലാണ് മൃതദേഹം. അവിടെ നിന്ന് ടൊറന്റോയിലേക്ക് കൊണ്ടുവരും. ഈ രണ്ട് സ്ഥലങ്ങൾ തമ്മിലും സമയവ്യത്യാസമുണ്ട്. എത്രയും പെട്ടെന്ന് കൊണ്ടുവരാനാകുമെന്നാണ് വിശ്വാസമെന്നും ഗംഗ കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കാനഡയിലെ ഡിയർലേക് വിമാനത്താവളത്തിന് സമീപം ന്യൂഫൗണ്ട് ലാൻഡിൽ കിസിക് ഏരിയയിൽ സർവേ ഇൻകോർപറേറ്റഡിന്റെ പൈപ്പർ പി.എ 31 വിമാനം തകർന്ന് ഗൗതമും ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചത്. ഗൗതമിന്റെ മരണശേഷം ലോകത്തിന്റെ പല ഭാഗത്ത് നിന്ന് നിരവധി പേർ കുടുംബത്തെ ബന്ധപ്പെട്ടു. എല്ലാവരെയും സഹായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗൗതമിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കാനഡയിലെ ദി പ്രൊഫഷണൽ ഫ്ലൈയിംഗ് സ്കൂളിൽ ഒപ്പമുണ്ടായിരുന്നവരും മുക്തരായിട്ടില്ല. ഗൗതമിന്റെ ഓർമ്മയ്ക്കായി സ്കോളർഷിപ്പ് തുടങ്ങാനും ഫ്ലൈയിംഗ് സ്കൂൾ തീരുമാനിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ പക്ഷെ...
ഗൗതം മരിച്ച ദിവസം രാവിലെ കാനഡയിൽ കാലാവസ്ഥ മോശമായിരുന്നു. അതിനാൽ അന്ന് ഫ്ലൈയിംഗ് ഇല്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ,ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടു. അങ്ങനെയാണ് പറക്കാൻ തീരുമാനിച്ചതെന്ന് ഗംഗ പറഞ്ഞു. കൂടെയുള്ള സഹപ്രവർത്തകന്റെ സെന്റ് ഓഫ് പാർട്ടിയും ഇതേ ദിവസമായിരുന്നു. അവധിയായതിനാൽ പാർട്ടിക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ടു. അങ്ങനെ ഗൗതവും കൂടെയുള്ള പൈലറ്റും വിമാനം പറത്താമെന്ന് തീരുമാനിച്ചത്. അവിടെ ഏറെ വൈകിയാണ് സൂര്യാസ്തമയം. വൈകിട്ടൊക്കെ പകൽ പോലെയാണ്.അത്രയും സമയം ഉണ്ടല്ലോ എന്ന് അവർ കരുതി. എന്നാൽ,അപകടകാരണം മോശം കാലാവസ്ഥയല്ല. അപകടകാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഗംഗ കൂട്ടിച്ചേർത്തു.