വെള്ളനാട്: വെള്ളനാട് കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസ് തുടങ്ങിയതു മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് ശേഷം വെള്ളനാട് വന്ന മിക്ക ഗവ.ഓഫീസുകൾക്കും സ്വന്തമായി കെട്ടിടമായിട്ടും കെ.എസ്.ഇ.ബി ഓഫീസിന് മാത്രം കെട്ടിടം യാഥാർത്ഥ്യമായില്ല. വെള്ളനാട് ഹയർ സെക്കൻഡറി സ്കൂളിന്റെ പിന്നിലെ റോഡിൽ വാടക കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസിന്റെ പ്രവർത്തനം.
വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിച്ച ശേഷം ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറിയിട്ട് മൂന്ന് വർഷത്തോളമായി.
അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ 32 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഓഫീസിലെ ജീപ്പ് പാർക്ക് ചെയ്യാൻ പോലും സൗകര്യമില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കടമുറികൾക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള പരിമിതമായ സ്ഥലത്താണ് കാഷ് കൗണ്ടറും റിസപ്ഷൻ സെന്ററും സജ്ജീകരിച്ചിരിക്കുന്നത്.
ബുദ്ധിമുട്ടുകളേറെ
വൈദ്യുതി ബില്ല് അടയ്ക്കാനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമെത്തുന്ന ഉപഭോക്താക്കൾ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ്. ഒരേസമയം കുറച്ചുപേർ കാഷ് കൗണ്ടറിൽ എത്തിയാൽ ക്യൂ നീണ്ട് റോഡിലേക്ക് നീളും. ഇടുങ്ങിയ റോഡിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ റോഡിൽ തന്നെയാണ്. ഇതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും താറുമാറാകുന്നുണ്ട്.
സ്വന്തമായി കെട്ടിടം വേണം
ഓഫീസിലെ വൈദ്യുതി കമ്പികൾ,പോസ്റ്റുകൾ, ലൈറ്റുകൾ,ട്രാൻസ്ഫോർമറുകൾ തുടങ്ങി ഇലക്ട്രിക് സാധനങ്ങൾ തുടങ്ങിയവയെല്ലാം സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളനാട്ടെ വൈദ്യുതി ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.