തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും അതിന് ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ന്യായമായ വിഷയങ്ങളിൽ എൽ.ഡി.എഫിന്റെ പിന്തുണ സഭയ്ക്ക് ഉണ്ടാകുമെന്നും മന്ത്റി പറഞ്ഞു. യാക്കോബായ സഭാദ്ധ്യക്ഷനായി സ്ഥാനമേ​റ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് പുന്നൻ റോഡ് സെന്റ് പീ​റ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാക്കോബായ സഭയുടെ വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ തെയോഫിലോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്റി വി.മുരളീധരൻ,ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ,

ബിലീവേഴ്സ് ഈസ്​റ്റേൺ ചർച്ച് ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്,മലങ്കര കത്തോലിക്കാ സഭാ കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ്,ആന്റണി രാജു എം.എൽ.എ,മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ.അലക്സാണ്ടർ തോമസ്,പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.സാം ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.